മുംബയിൽ കെട്ടിടത്തിന് തീപിടിച്ചു, 33 പേരെ രക്ഷിച്ചു
Sunday 10 September 2023 12:01 AM IST
മുംബയ്: ആറു നില കെട്ടിടത്തിന് തീപിടിച്ചു. രണ്ട് നവജാത ശിശുക്കൾ ഉൾപ്പെടെ 33 പേരെ രക്ഷിച്ചു. ആർക്കും കാര്യമായ പരിക്കില്ല. മുംബയ് അന്ധേരി ഈസ്റ്റിലെ സകി നകയിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് തീപിടിത്തം. താഴത്തെ നിലയിലെ വൈദ്യുതി മീറ്റർ ബോക്സിൽ നിന്നാണ് തീപടർന്നതെന്ന് അഗ്നിശമന സേന അറിയിച്ചു.
അതിവേഗം മുകൾ നിലയിലേക്ക് തീ വ്യാപിച്ചെങ്കിലും സമീപവാസികളുടെയും അഗ്നിശമന സേനയുടെയും ഇടപെടൽ തുണയായി. രണ്ടാം നിലയിലായിരുന്നു ശിശുക്കൾ ഉണ്ടായിരുന്നത്. പത്തേമുക്കാലോടെ തീ നിയന്ത്രണവിധേയമാക്കിയെന്ന് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.