ബി.എസ് സി നഴ്സിംഗിന് ഇനി പ്രവേശന പരീക്ഷ പരീക്ഷ ആര് നടത്തുമെന്നതിൽ അവ്യക്തത
തിരുവനന്തപുരം: ബി.എസ് സി നഴ്സിംഗിന് അടുത്തവർഷം മുതൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐ.എൻ.സി) മാനദണ്ഡപ്രകാരം 2022 മുതൽ പ്രവേശന പരീക്ഷ നടത്തണമായിരുന്നു. എന്നാൽ, സംസ്ഥാനം ഇളവു തേടി. അതിന്റെ അടിസ്ഥാനത്തിൽ 2023ലെ പ്രവേശന നടപടികളും പുരോഗമിക്കുകയാണ്. അടുത്തവർഷം ഇളവ് ലഭിക്കില്ല. സംസ്ഥാനത്തെ ടെസ്റ്റിംഗ് ഏജൻസിയായ പ്രവേശന പരീക്ഷ കമ്മിഷണർ ഓഫീസ് നഴ്സിംഗ് പരീക്ഷകൂടി നടത്താൻ സാദ്ധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
അമിത ജോലി ഭാരമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.പ്രവേശന പരീക്ഷ കമ്മിഷണറാണ് മാർക്ക് അടിസ്ഥാനത്തിൽ നഴ്സിംഗ് പ്രവേശനവും നേരത്തെ നടത്തിയിരുന്നത്. ജോലിഭാരം കാരണം അത് എൽ.ബി.എസിന് കൈമാറുകയായിരുന്നു. എൽ.ബി.എസ് പ്രവേശന പരീക്ഷ നടത്തുന്നതിനോട് നഴ്സിംഗ് കൗൺസിലിന് ഉൾപ്പെടെ താത്പര്യമില്ല. ഇത് ഐ.എൻ.സി നിർദ്ദേശത്തിന് വിരുദ്ധമാണെന്നാണ് കൗൺസിലിന്റെ നിലപാട്. സംസ്ഥാനത്ത് ആര് നഴ്സിംഗ് പ്രവേശന പരീക്ഷ നടത്തുമെന്നതിൽ അവ്യക്തത തുടരുകയാണ്. ഈ വർഷത്തെ പ്രവേശന നടപടികൾക്കുശേഷം ഇക്കാര്യം വിശദമായി ചർച്ചചെയ്ത് തീരുമാനിക്കാനാണ് സർക്കാർ തീരുമാനം. ഡൽഹി,മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തങ്ങൾക്ക് പ്രവേശന പരീക്ഷ നടത്താൻ സംവിധാനമില്ലാത്തതിനാൽ നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ് ബി.എസ് സി നഴ്സിംഗ് പ്രവേശനവും നടത്തുന്നത്.
സീറ്റുകൾ തികയുന്നില്ല
കൊവിഡാനന്തരം നഴ്സുമാർക്ക് ലോകത്ത് ഉടനീളം തൊഴിൽ സാദ്ധ്യത വർദ്ധിച്ചതോടെ സംസ്ഥാനത്ത് ബി.എസ് സി നഴ്സിംഗ് പഠനത്തിന് ഡിമാന്റും കൂടി. സർക്കാർ,സ്വകാര്യമേഖലകളിലായി 7285സീറ്റുകൾ മാത്രമുള്ള സംസ്ഥാനത്ത് ഈ വർഷം 1.50ലക്ഷത്തിലധികം പേരാണ് അപേക്ഷകരായിട്ടുള്ളത്. സർക്കാർ സീറ്റുകൾക്കു പുറമേ ഉയർന്ന ഫീസ് നൽകേണ്ട എൻ.ആർ.ഐ സീറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്.
ആകെ സീറ്റുകൾ.............................................................. 7285
സർക്കാർ മെഡിക്കൽ കോളേജുകളിൽ.....................690
സിമെറ്റ്...............................................................................240
സി പാസ്............................................................................300
സ്വകാര്യകോളേജുകൾ...................................................6055