വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ്: എ.സി.പിയും സംഘവും ഹരിയാനയിലേക്ക്
തിരുവനന്തപുരം:വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം അടുത്ത ആഴ്ച ഹരിയാനയിലേക്ക് തിരിക്കും.കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഡി.കെ പൃഥിരാജ്,മ്യൂസിയം എസ്.എച്ച്.ഒ മഞ്ചുലാൽ,മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ,കന്റോൺമെന്റ് എസ്.എച്ച്.ഒ ബി.എം ഷാഫി ഉൾപ്പടെ എട്ടംഗ സംഘമാണ് പുറപ്പെടുന്നത്.
ഹരിയാനയിൽ പരീക്ഷാ തട്ടിപ്പിന്റെ കണ്ണികൾ വീണ്ടുമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ സംഘത്തെ വിടുന്നത്.നേരത്തെ ഹരിയാനയിൽ പോയി കേസ് അന്വേഷിച്ചത് എ.എസ്.പി ദീപക് ദൻകറായിരുന്നു.നിലവിൽ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് സംഘം ഹരിയാനയിലാണ്.ഇവരാണ് അവിടത്തെ വിവരങ്ങൾ അന്വേഷണ സംഘത്തെ അറിയിക്കുന്നത്. പട്ടം സെന്റ്‌മേരീസ് സ്‌കൂളിലും വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലും പരീക്ഷ എഴുതിയ ഹരിയാനക്കാരാണ് രഹസ്യ വിവരത്തെ തുടർന്നു പിടിയിലായത്. പിന്നീട് ഹരിയാന സ്വദേശികളായ ലഖ്വിന്ദർ, ദീപക് ഷിയോഖണ്ഡ്, ഉദ്യോഗാർഥി ഋഷിപാൽ എന്നിവരെ ജിൻഡ് ജില്ലയിൽ നിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് ആണ് മുഖ്യ സൂത്രധാരൻ. ഇയാളാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിക്കാൻ ഉദ്യോഗാർഥികൾക്കു പരിശീലനം നൽകിയത്.
പരീക്ഷ
മരവിപ്പിച്ചു
കോപ്പിയടി ആരോപണത്തെ തുടർന്ന് വി.എസ്.എസ്.സി ഫയർമാൻ പരീക്ഷയുടെ തുടർനടപടികൾ മരവിപ്പിച്ചു. വി.എസ്.എസ്.സി ടെക്നീഷ്യൻ പരീക്ഷയിൽ നടന്ന ക്രമക്കേട് ഫയർമാൻ പരീക്ഷയിലുമുണ്ടെന്ന ആരോപണത്തെ തുടർന്നാണിത്.എഴുത്തു പരീക്ഷ പാസായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 408 പേരിൽ ക്രമക്കേടിലൂടെ കയറിയവരും ഉണ്ടെന്നാണ് സംശയം. പൊലീസ് അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചാൽ പരീക്ഷ റദ്ദാക്കും.