കത്ത് പിണറായിയേയും അച്യുതാനന്ദനെയും കാണിച്ചു, എന്നോട്‌ കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല; സോളാർ കേസിൽ പ്രതികരണവുമായി  ടി  ജി  നന്ദകുമാർ

Wednesday 13 September 2023 11:00 AM IST

തിരുവനന്തപുരം: സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ടി ജി നന്ദകുമാർ. രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ കേസ് കലാപത്തിൽ കലാശിക്കണമെന്ന് ആഗ്രഹിച്ചുവെന്നും, പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്ലാറ്റിൽവച്ചാണ് പിണറായിയെ കണ്ടത്. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനൽ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാർ പറഞ്ഞു.

"50 ലക്ഷം രൂപ നൽകി ഒരു ചാനലും കത്ത് വാങ്ങില്ല. ഒരു മൊഴിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ചാനലിനെ ഞാൻ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. കത്തിന്റെ ഒറിജിനൽ വേണമെന്ന് അവർ പറഞ്ഞു. അത് പ്രകാരം ഒറിജിനൽ നൽകി. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് വിശ്വാസം. യാതൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല- നന്ദകുമാർ പറഞ്ഞു.

കത്തിനെക്കുറിച്ച് പിണറായി വിജയനോട് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയല്ല, പാർട്ടി സെക്രട്ടറിയാണ്. കൂടാതെ വി എസ് അച്യുതാനന്ദനെയും കത്ത് കാണിച്ചിരുന്നുവെന്നും, അദ്ദേഹം കത്ത് മുഴുവനായും വായിച്ചിരുന്നുവെന്നും നന്ദകുമാർ വ്യക്തമാക്കി.

എൽ ഡി എഫിനെ സംബന്ധിച്ച് സോളാർ കേസ് 2016ലും 2021ലും ഗുണകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലാവലിൻ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാർ വ്യക്തമാക്കി.

കത്ത് തന്റെ കൈയിൽ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാൾ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാർ ആരോപിച്ചു. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നൽകി. ശരണ്യമനോജിന് ഇതിനകത്ത് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.