വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ഭാര്യ; കുടുംബ കോടതിയിൽ ഭാര്യയ്ക്കും പിതാവിനും നേരെ യുവാവിന്റെ ആക്രമണം
Wednesday 13 September 2023 3:29 PM IST
ഇടുക്കി: വിവാഹമോചനത്തിന് സമ്മതമല്ലെന്നറിയിച്ച ഭാര്യയ്ക്കും പിതാവിനും നേരെ യുവാവിന്റെ ആക്രമണം. ഭർത്താവായ അനൂപ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ കുടുംബ കോടതിയിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു മൂലമറ്റം സ്വദേശികളായ ഭാര്യ ജുവലും പിതാവ് തോമസും.
കൗൺസിലിംഗിൽ വിവാഹമോചനത്തിന് ജൂവലിന് സമ്മതമല്ലെന്ന് നിലപാട് എടുത്തതോടെയാണ് അക്രമമുണ്ടായത്. കൗൺസിലറും കോടതി ഉദ്യോഗസ്ഥരും നോക്കി നിൽക്കെയായിരുന്നു സംഭവം നടന്നത്. പ്രതിക്കെതിരെ കേസെടുക്കാൻ തൊടുപുഴയിലെ കുടുംബകോടതി പൊലീസിന് നിർദ്ദേശം കൊടുത്തു. ആശുപത്രിയിൽ ചികിത്സയിലുളള ജുവലിന്റെയും തോമസിന്റെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്.
അനൂപ് ഒളിവിലാണെന്നാണ് പൊലീസ് നൽകിയ വിവരം. ജൂവലിനും തോമസിനുമെതിരെ പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.