യാത്രക്കാർ ഇരിക്കെ കാർ അമിതമായി ചൂടായി; പിന്നാലെ തീ ആളിപ്പടർന്ന് വാഹനം കത്തിയമർന്നു
അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
അടിമാലിയിൽ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്പോഴാണ് കാറിന് തീപിടിച്ചത്. ചെറുവട്ടൂർ നിരപ്പേൽ നിസാമുദീന്റെ ഫോർഡ് കാറിനാണ് തീപിടിച്ചത്. വാഹനം അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നിസാമുദീനും ഒപ്പമുണ്ടായിരുന്ന കുട്ടിയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്ന് കാർ കത്തിയമർന്നു. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് മരണ വീട്ടിലേയ്ക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച സംഭവമുണ്ടായത്. തിരൂർ - ചമ്രവട്ടം റോഡിൽ ആലിങ്ങലിലാണ് സംഭവം. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് റോഡിൽ കുറച്ച് സമയം ഗതാഗത തടസമുണ്ടായി.