ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചില്ല, മനംനൊന്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് പുറത്ത്
കൊല്ലം: കുണ്ടറയിൽ വീടിന്റെ ടെറസിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനത്തിൽ എൻ.ജയകൃഷ്ണപിള്ളയുടെയും രമാദേവിഅമ്മയുടെയും മകൾ സൂര്യയാണ് (22) മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. ശബ്ദം കേട്ട് വീട്ടുകാർ ടെറസിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സൂര്യയെയാണ് കണ്ടത്. ഉടൻ സമീപത്തെ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചു. സൂര്യയുടെ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സൂര്യ ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ കമ്മൽ കാണാത്തതിന് അമ്മ വഴക്ക് പറഞ്ഞിരുന്നു. കൂടാതെ ആഴ്ചകൾക്ക് മുന്നേ അപേക്ഷിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തതിലും സൂര്യ ഏറെ വിഷമത്തിലായിരുന്നു.
പ്രൈവറ്റായിട്ടാണ് സൂര്യ ഡിഗ്രി പഠനം പൂർത്തിയാക്കിയത്. വീട്ടുകാരുമൊത്ത് വൈകിട്ട് 7ന് ടി.വി കാണുന്നതിനിടയിൽ സൂര്യ അടുക്കളയിലേക്ക് പോവുകയും അവിടെ നിന്ന് കത്തിയെടുത്ത് ടെറസിലേക്ക് പോവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ടെറസിലേക്ക് കയറുന്ന സ്റ്റെയർകേസിന് സമീപം രക്തംപുരണ്ട കത്തി പൊലീസിന് ലഭിച്ചു. ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നുമാണ് സൂര്യയുടെ ആത്മഹത്യകുറിപ്പിലുള്ളതെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുണ്ടറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സൂര്യയുടെ സഹോദരി: ഐശ്വര്യ.
റൂറൽ എസ്.പി എം.എൽ.സുനിൽ, ഡിവൈ.എസ്.പി എസ്.ഷെരീഫ്, കുണ്ടറ എസ്.ഐ ബി.അനീഷ്, എസ്.ഐ എ.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.