ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു അനാചാരങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സിനിമ ആയുധമാക്കുന്നു : മുഖ്യമന്ത്രി

Friday 15 September 2023 1:49 AM IST

തിരുവനന്തപുരം: അനാചാരങ്ങളുടെ ജീർണമായ അന്ധകാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് ശക്തി വർദ്ധിപ്പിക്കുന്ന കലാന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്താകെ സാമൂഹ്യ, രാഷ്ട്രീയ,​ സാംസ്‌കാരിക മണ്ഡലങ്ങളിൽ അന്ധകാരം പടരുകയാണെന്ന ആശങ്ക ശക്തമാണ്. ഈ ഇരുട്ടിന്റെ നടുക്കടലിൽ വെളിച്ചത്തിന്റെ ദ്വീപാണ് കേരളം. കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിൽ കളങ്കപ്പെടുത്താനും സിനിമയെ ഉപയോഗിച്ചു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റേതല്ലാത്ത ഒരു കഥ ചിലർ പ്രചരിപ്പിച്ചു. മതസ്‌പർദ്ധയുണ്ടാക്കാനും സാമൂഹ്യ ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളിൽ ശത്രുത വളർത്താനും ലക്ഷ്യമിട്ടതാണ് ആ സിനിമ. അതിനെ സിനിമയെന്ന് വിളിക്കുന്നതു പോലും ശരിയല്ല. യഥാർത്ഥത്തിൽ അത് വിഷപ്രചാരണത്തിനുള്ള ആയുധമാണ്. കാശ്‌മീർ ഫയൽസ് എന്ന് പറഞ്ഞ് വർഗീയ വിദ്വേഷം പരത്തുന്ന മറ്റൊരു സിനിമയും ഉണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി.ചന്ദ്രന് മുഖ്യമന്ത്രി നൽകി. ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സംവിധായകൻ ശ്യാമപ്രസാദും ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നൻപകൽ നേരത്ത് മയക്കം സംവിധായകൻ ലിജോ ജോസ് പെല്ലിശേരി സ്വീകരിച്ചു. ഇതേ സിനിമയിൽ മികച്ച നടനുള്ള പുരസ്കാരവും മമ്മൂട്ടിയുടെ അഭാവത്തിൽ ലിജോ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം അറിയിപ്പ് എന്ന സിനിമയ്ക്ക് മഹേഷ് നാരായണനും മികച്ച നടിക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും ഏറ്റുവാങ്ങി. സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ കുഞ്ചാക്കോ ബോബനും അലൻസിയർ ലേ ലോപ്പസിനും സമ്മാനിച്ചു.

മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി,​ ജി.ആർ.അനിൽ,​ ആന്റണി രാജു,​ വി.കെ.പ്രശാന്ത് എം.എൽ.എ,​ ജില്ലാപഞ്ചായത്ത് പ്രസി‌ഡന്റ് ഡി.സുരേഷ് കുമാർ,​ ജൂറി ചെയർമാൻ ഗൗതം ഘോഷ്,​ സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,​ സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്‌ തുടങ്ങിയവർ പങ്കെടുത്തു.