നിപ; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം, ചികിത്സയിലുള്ളത് നാലുപേർ

Saturday 16 September 2023 7:00 AM IST

കോഴിക്കോട്: നിപ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു. നിലവിൽ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ഓഗസ്റ്റ് 30ന് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശി മുഹമ്മദിന്‍റെ സ്രവസാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെറുവണ്ണൂർ സ്വദേശിക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂരിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിലും കണ്ടെയ്ന്മെന്‍റ് സോൺ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഇത് വരെ വൈറസ്‌ബാധ കണ്ടെത്തിയത്. ഇന്നലെ പരിശോധിച്ച 30 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായി. ഇഖ്റാ ആശുപത്രിയിൽ നിന്ന് പരിശോധനയ്ക്ക് എടുത്ത 30 സാമ്പിളുകളാണ് നെഗറ്റീവായത് . നൂറ് സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. അതേസമയം 325 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വൈറസ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 225 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പെടും. 17 പേര്‍ ഐസോലേഷനിലും കഴിയുന്നുണ്ട്.