ആലപ്പുഴക്കാർക്ക് നഷ്‌ടപ്പെടും തിരുവനന്തപുരത്തിന് ലാഭവും, അധികം വൈകാതെ റെയിൽ വേയിൽ നിന്ന് പ്രഖ്യാപനം എത്തും

Saturday 16 September 2023 5:48 PM IST

കൊച്ചി: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾ വൈകാതെ തിരുവനന്തപുരത്തേക്കോ കൊച്ചുവേളിയിലേക്കോ നീട്ടും. ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22639/22640), ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് (16307/16308), ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ് (13351/13352) എന്നീ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് നീട്ടുന്നത്. ഇതിൽ ആലപ്പുഴ -ധൻബാദ് എക്‌സ്‌പ്രസ് കൊച്ചുവേളിയിലേക്ക് നീട്ടാനാണ് സാദ്ധ്യത. ഇതുസംബന്ധിച്ച നിർദ്ദേശം ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്.

തീരുമാനം നടപ്പായാൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്നതും ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കുന്നതുമായ എക്‌സ്‌പ്രസ്/സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഇല്ലാതാകും. നിലവിൽ എക്‌സ്‌പ്രസ് സ്‌പെഷ്യലായി ഓടുന്ന പാസഞ്ചർ ട്രെയിനുകൾ മാത്രമാകും പിന്നീട് ആലപ്പുഴക്കാർക്ക് സ്വന്തമായുണ്ടാവുക.

നിലവിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴയിലെത്തുന്ന നേത്രാവതി എക്‌സ്‌പ്രസ് കഴിഞ്ഞാൽ തിരുവനന്തപുരത്തേക്ക് അടുത്ത ട്രെയിൻ ഈ വഴിയുള്ളത് വൈകിട്ട് അഞ്ചോടെ എത്തുന്ന ഏറനാട് എക്‌സ്‌പ്രസാണ്. രാത്രി എട്ടിന് ആലപ്പുഴയിൽ എത്തുന്ന എറണാകുളം- കൊല്ലം മെമു കഴിഞ്ഞാൽ ഈ റൂട്ടിലെ അടുത്ത ട്രെയിൻ പുലർച്ചെ രണ്ടിനുള്ള ഗുരുവായൂർ -ചെന്നൈ എഗ്മൂർ എക്‌സ്‌പ്രസാണ്.

ഇത്തരത്തിൽ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചും ട്രെയിനുകൾ തമ്മിൽ ദീർഘമായ ഇടവേളയുണ്ട്. ട്രെയിനുകൾ തിരുവനന്തപുരത്തേക്ക് നീട്ടിയാൽ യാത്രക്കാർ നേരിടുന്ന ഈ ദുരിതം ഒഴിവാക്കാനാകുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷനുകളും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവിൽ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റാനഗർ-എറണാകുളം (18189), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി അടക്കമുള്ള ചില ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടുന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകൾ.

Advertisement
Advertisement