ഭരണഘടനയ്‌ക്കും ഫെഡറൽ വ്യവസ്ഥയ്ക്കും വെല്ലുവിളി: കോൺഗ്രസ് പ്രവർത്തക സമിതി

Sunday 17 September 2023 12:08 AM IST

ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണഘടനയും ഫെഡറൽ വ്യവസ്ഥയും വെല്ലുവിളി നേരിടുകയാണെന്ന് ഹൈദരാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. മണിപ്പൂർ അടക്കം വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രമേയങ്ങളും യോഗം പാസാക്കി.ഭരണഘടനാ പരിഷ്‌കാരം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നീക്കം, പുതിയ തിരഞ്ഞെടുപ്പ് കമ്മിഷൻ ബിൽ എന്നിവയെ യോഗം അപലപിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും രാഷ്‌ട്രീയ സാഹചര്യങ്ങളും രാജ്യസുരക്ഷയുമാണ് ഇന്നലെ ചർച്ചയായത്.അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രമേയം പാസാക്കി.

ഇന്ന് പി.സി.സി അദ്ധ്യക്ഷൻമാരും നിയമസഭാ കക്ഷി നേതാക്കളും അടക്കം പങ്കെടുക്കുന്ന വിശാല പ്രവർത്തക സമിതി യോഗം തെലങ്കാന അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് ഹൈദരാബാദിൽ പൊതുയോഗവും സംഘടിപ്പിക്കും. നാളെ എം.പിമാർ ഒഴികെയുള്ള നേതാക്കൾ തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങൾ സന്ദർശിക്കും.

. സംസ്ഥാന സർക്കാരുകളുടെ വികസനം തടഞ്ഞുവെന്ന് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്കുള്ള വരുമാനം നിഷേധിക്കുകയോ കുറയ്ക്കുകയോ ചെയ്തു.

കർണാടക സ്വന്തം പദ്ധതിക്ക് അരി വില നൽകാമെന്ന് സമ്മതിച്ചിട്ടും, കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം ഫുഡ് കോർപറേഷൻ അത് നൽകിയില്ല. രാജ്യത്ത് ഇതാദ്യമാണ്. പ്രളയം തകർത്ത ഹിമാചൽ പ്രദേശിന് ഫണ്ട് നിഷേധിച്ചു. രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടതുകൊണ്ടാണ് ഫണ്ട് നൽകാത്തത്.

മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി മോദി മൗനം പാലിക്കുകയാണെന്ന് യോഗ തീരുമാനങ്ങൾ അറിയിച്ച മുതിർന്ന നേതാവ് പി.ചിദംബരം ആരോപിച്ചു.

രാജ്യങ്ങൾ സന്ദർശിക്കാനും ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനും സമയം കണ്ടെത്തിയ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ രണ്ട് മണിക്കൂർ നീക്കിവച്ചില്ല.

കേരളത്തിൽ നിന്ന് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി, ശശി തരൂർ, ക്ഷണിതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.