കീഴ്‌ക്കോടതികളുടെ സമയ മാറ്റം: ഹൈക്കോടതി അഭിപ്രായം തേടി
കൊച്ചി: കീഴ്‌ക്കോടതികളിലെ സിറ്റിംഗ് രാവിലെ പത്തു മുതലാക്കുന്ന കാര്യത്തിൽ കേരള ബാർ കൗൺസിൽ മുഖേന ഹൈക്കോടതി ബാർ അസോസിയേഷനുകളുടെ അഭിപ്രായം തേടി. 30നകം അഭിപ്രായം അറിയിക്കാൻ ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ പി.ജി. വിൻസെന്റ് ബാർ കൗൺസിൽ സെക്രട്ടറിക്ക് കത്ത് നൽകി.
നിലവിൽ രാവിലെ പതിനൊന്നു മുതലാണ് കീഴ്‌ക്കോടതികളിലെ സിറ്റിംഗ്. ഇതുമൂലം കേസ് കേൾക്കാൻ സമയം ലഭിക്കുന്നില്ലെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. ജഡ്‌ജിമാർ ചേംബറിൽ ഉത്തരവുകൾ തയ്യാറാക്കി കോടതി മുറിയിൽ പ്രധാന ഭാഗം വായിക്കുകയാണ് രീതി. ഇതിനാലാണ് സിറ്റിംഗ് പതിനൊന്നു മുതൽ തുടങ്ങുന്നത്. അതത് ദിവസത്തെ കേസുകൾ വിളിക്കാനും നോട്ടീസ് ഉത്തരവിടാനുമാണ് ഏറെ സമയം ചെലവഴിക്കുന്നത്. വാദമടക്കം ഉച്ചയ്ക്കു ശേഷം. സാക്ഷികളടക്കമുള്ളവർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതു കൂടി കണക്കിലെടുത്താണ് സമയമാറ്റത്തിന് ആലോചന.
സിറ്റിംഗ് രാവിലെ പത്തിനു തുടങ്ങിയാൽ രാവിലത്തെ സെഷനിൽ തന്നെ കേസുകളിൽ വാദം കേൾക്കാം. സമയമാറ്റം അഭിഭാഷകർ എതിർക്കില്ലെന്ന് സൂചന. പകരം ഹൈക്കോടതിയിലേതു പോലെ ശനിയാഴ്‌ചകൾ അവധിയാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ചില അസോസിയേഷൻ ഭാരവാഹികൾ സൂചിപ്പിച്ചു. ഇ-ഫയലിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് വേണ്ടത്ര സമയം ലഭിക്കുന്നതിനാണിത്. ജഡ്‌ജിമാർക്ക് ഉത്തരവുകൾ തയ്യറാക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.