സിറാജിന്റെ തേരോട്ടം; ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് എട്ടാം കിരീടം, ശ്രീലങ്കയുടെ കുഞ്ഞൻ സ്കോർ അനായാസം ജയിച്ചുകയറി
കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ അനായാസം പരാജയപ്പെടുത്തി ഇന്ത്യ കപ്പുയർത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിയുകയായിരുന്നു. 15.2 ഓവറിൽ 50റൺസ് മാത്രം നേടിയാണ് ശ്രീലങ്ക ആൾ ഔട്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ തന്നെ വിജയലക്ഷ്യം കടന്നു. ഇതോടെ എട്ടാം ഏഷ്യാ കപ്പ് കിരീടം ടീം ഇന്ത്യയുടെ കൈകളിൽ ഭദ്രം.
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജാണ് ശ്രീലങ്കയുടെ കീരീട സ്വപ്നങ്ങളുടെ ചിറകരിഞ്ഞത്. സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിനിടയിൽ പല ശ്രീലങ്കൻ ബാറ്റ്സ്മാൻമാർക്കും രണ്ടക്കം കടക്കാനായില്ല. കുസാൽ പെരേരെയെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി ജസ്പ്രിത് ബുംറയാണ് ശ്രീലങ്കയുടെ ആദ്യ വിക്കറ്റെടുത്തത്. സംപൂജ്യനായി കുസാൽ പെരേരയുടെ മടക്കത്തിന് പിന്നാലെ സിറാജ് വരവറിയിച്ചു. നാലാം ഓവറിൽ നിസങ്കയെ (2) സിറാജ് കൂടാരം കയറ്റി. അതേ ഓവറിൽ തന്നെ സമരവിക്രമ(0), ചരിത് അസലങ്ക(0), ധനഞ്ജയ ഡിസിൽവ(4) എന്നിവരെയും മടക്കി സിറാജ് നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ലങ്കൻ നായകൻ ദസുൻ ഷനക(0)യെയും കുശാൽ മെൻഡിസിനെയും (17) വീഴ്ത്തിയ ശേഷമാണ് സിറാജ് തന്റെ വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്. മൂന്ന് വിക്കറ്റ് നേടി ഹാർദിക് പാണ്ഡ്യയും തിളങ്ങിയതോടെ ശ്രീലങ്ക കഷ്ടിച്ച് 50 റൺസ് ഉയർത്തി. 17 റൺസ് നേടിയ കുശാൽ മെൻഡിസാണ് ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 10 ഓവറിന് മുൻപ് തന്നെ വിജയ ലക്ഷ്യം കടന്നു. ഇഷാൻ കിഷൻ- ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് 6.1 ഓവറിൽ തന്നെ 51 റൺസ് നേടി. ഇഷാൻ കിഷൻ 18 ബോളുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളോടെ 23 റൺസ് നേടി. ശുഭ്മാൻ ഗിൽ 19 ബോളുകൾ നേരിട്ടാണ് 27 റൺസ് അടിച്ചെടുത്തത്. ആറ് ഫോറുകളും താരം നേടി.