മിൽമയ്ക്ക് 1.22 കോടിയുടെ മിച്ചബഡ്ജറ്റ്, വരവ് 680.50 കോടി,​ചെലവ് 679.28 കോടി

Monday 18 September 2023 12:38 AM IST

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിൽ(2023-24)​ 680.50 കോടി രൂപ വരവും 679.28 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് മിൽമ വാർഷിക ജനറൽ ബോഡി യോഗം പാസാക്കി. ഇതുവഴി 1.22 കോടി രൂപയുടെ മിച്ചമാണ് പ്രതീക്ഷിക്കുന്നത്. മിൽമയുടെ പട്ടണക്കാട്, മലമ്പുഴ എന്നിവിടങ്ങളിലെ കാലിത്തീറ്റ ഫാക്ടറികൾ, ആലപ്പുഴയിലെ സെൻട്രൽ പ്രൊഡക്ട്സ് ഡെയറി, ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ ചെലവുകൾക്കു പുറമെ കർഷകർക്ക് ആദായകരമായതും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായകമായതുമായ സംരംഭങ്ങളും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മിൽമ ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രമേയങ്ങളും അംഗീകരിച്ചു.

വെല്ലുവിളികളെ അതിജീവിച്ച് കൂടുതൽ വളർച്ച കൈവരിക്കാൻ മിൽമയെ മിച്ചബഡ്ജറ്റ് സഹായിക്കുമെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ഉത്പാദനക്ഷമത വർദ്ധിപ്പിച്ച് യുവതലമുറയെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി മുന്നോട്ട് പോകുന്നതിനായുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ വിലയിരുത്തി. യുവതലമുറയെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനൊപ്പം പാൽ സംഭരണത്തിൽ കുറവ് നേരിടുന്ന സാഹചര്യത്തിൽ ഉത്പാദനച്ചെലവ് കുറച്ച് പാൽ ഉത്പാദനം വർധിപ്പിച്ച് മിൽമയുടെ ഉത്പാദന ക്ഷമത ഉറപ്പുവരുത്തണമെന്നും യോഗം വിലയിരുത്തി.

കേരളത്തിലെ മുഴുവൻ പശുക്കളെയും ഉൾപ്പെടുത്തി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, പശുക്കളെ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പയുടെ പലിശ സബ്സിഡിയായി നല്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുക, പശുപരിപാലനത്തിനുള്ള ഫാമിംഗ് ലൈസൻസ് പരിഷ്‌കരിക്കുക, മിൽമയുടെ മേൽ ചുമത്തിയിരിക്കുന്ന ജി.എസ്.ടി ഒഴിവാക്കുക, ഇൻകം ടാക്സിൽ നിന്ന് ക്ഷീരസംഘങ്ങളെ ഒഴിവാക്കുക, സൈലേജ്, പച്ചപ്പുല്ല്, ചോളത്തണ്ട് തുടങ്ങിയ തീറ്റ വസ്തുക്കൾക്ക് കേന്ദ്രസഹായം ലഭ്യമാക്കുക, ക്ഷീര കർഷകവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ യോഗം പ്രമേയം പാസാക്കി.

Advertisement
Advertisement