പള്ളിമുക്കിലേക്കൊരു ചായ; ഇടപ്പള്ളിയിലൊരു കടിയും

Monday 18 September 2023 12:00 AM IST
ഹോട്ടൽ ഉണ്ണികൃഷ്ണയിലെ ജീവനക്കാർ

കൊച്ചി: എറണാകുളം പള്ളിമുക്കിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള ദൂരം 10 കിലോ മീറ്റർ. 20 മിനിറ്റ് യാത്ര. ചർച്ച് ലാൻഡിംഗ് ജംഗ്ഷനിലെ ഉണ്ണിക്കൃഷ്ണ ഹോട്ടലിൽ പക്ഷേ, പള്ളിമുക്കും ഇടപ്പള്ളിയും ഷിപ്പ്‌യാർഡും ഫൈൻ ആർട്സ് ഹാളും ജെട്ടിയുമെല്ലാം കൈയകലത്ത്! നാലര പതിറ്റാണ്ടായി കൊച്ചിക്ക് രുചിവിളമ്പുന്ന 'ഉണ്ണിക്കൃഷ്ണയിലെ" തീൻമേശകളുടെ പേരാണ് ഇവയൊക്കെ. അടുക്കള ലക്ഷ്യമിട്ട് 'ഇടപ്പള്ളിയിലേക്കൊരു കടിയും പള്ളമുക്കിലൊരു ചായ"യുമെന്ന ഉച്ചത്തിലുള്ള ജീവനക്കാരുടെ വിളി ഭക്ഷണം കഴിക്കാനിരിക്കുന്നവരിലും കൗതുകമുണ്ടാക്കി. ഉണ്ണിക്കൃഷ്ണയിലെ രുചിപോലെ പേരുവിളിയും പാട്ടായി. കൊച്ചിയിലെ ചില സ്ഥാപനങ്ങൾ തീന്മേശകൾക്ക് തങ്ങളുടെ പേരുനൽകാമോയെന്ന ആവശ്യവുമായി എത്തി. അങ്ങനെ സ്പോൺസർഷിപ്പിലൂടെ ഷാലിമാർ, ആർ.ഇ.സി. തുടങ്ങിയ പേരുകളും ഇടംപിടിച്ചു.

ഓർഡർ ചെയ്ത ഭക്ഷണം കൃത്യമായി ആളുകളിലേക്ക് എത്താൻ ജീവനക്കാരുടെ കണ്ടുപിടിത്തമാണ് കൗതുകത്തിന് വഴിതുറന്നത്. 1976ൽ ഹോട്ടൽ തുടങ്ങുമ്പോൾ ഒറ്റമുറിമാത്രമായിരുന്നു. കൊച്ചുഹോട്ടലിലേക്ക് ഭക്ഷണപ്രിയർ ഇടിച്ചുകയറിയതോടെ സപ്ലയർമാരുടെ ഓർഡറെടുപ്പുകൾ പാളാൻ തുടങ്ങി. ജീവനക്കാരനായിരുന്ന കൈയ്പമംഗലം സ്വദേശി ജയനാണ് തീന്മേശകൾക്ക് ആദ്യമായി പേരിട്ടത്. ഇടപ്പള്ളി, പള്ളിമുക്ക്, ഷിപ്പ്‌യാർഡ്, ഫൈൻ ആർട്സ് എന്നിവ മാത്രമായിരുന്നു തുടക്കത്തിൽ. തൊട്ടടുത്ത മുറികൂടിയെടുത്ത് ഹോട്ടൽ പരിഷ്കരിച്ചതോടെ മേശകളുടെ എണ്ണവും ഒപ്പം പേരുകളും കൂടി. തൃശൂർ കൈയ്പമംഗലം സ്വദേശിയായ കൃഷ്ണാനന്ദബാബുവാണ് ഹോട്ടലുടമ. കൊടുങ്ങല്ലൂർ, പരിഞ്ഞനം സ്വദേശികളായ ബാബു, മണികണ്ഠൻ, ദിനേശൻ, സുരേഷ്, റെജി, സുരാജ് എന്നിവരാണ് ഹോട്ടലിന്റെ ഓൾ ഇൻ ഓൾ.

രുചിവിഭവങ്ങൾ

പുലർച്ചെ നാലോടെ അടുക്കള ഉണരും. പലഹാരവും പോറോട്ടയും പുട്ടും ദോശയും ഇഡലിയുമെല്ലാം തയ്യാക്കിത്തുടങ്ങും. പോറോട്ട- മീൻകറി കോമ്പിനേഷനോടാണ് ആളുകൾക്ക് പ്രിയം. ഉച്ചയൂണിനൊപ്പം ചിക്കനും ബീഫും കക്കയും കൂന്തലുമെല്ലാം ഉണ്ടാകും. ബിരിയാണിപ്രിയരും നിരാശപ്പെടില്ല. രാത്രി ഒമ്പതോടെ കടയടയ്ക്കും.

''സ്ഥലപ്പേരിൽ ചായയും വറുത്തതും പൊരിച്ചതുമെല്ലാം വിളിച്ചു പറയുമ്പോൾ ആദ്യമായി ഹോട്ടലിലെത്തുന്നവർ ആശ്ചര്യപ്പെടാറുണ്ട്. ബില്ലടയ്ക്കാൻ വരുന്ന ചിലരോട് പേരിന് പിന്നിലെ കഥ പറയേണ്ടിവരാറുണ്ട്

-റെജി കെ. കൃഷ്ണൻ, മനേജർ