മന്ത്രിസ്ഥാനം തുടരാൻ ആന്റണി രാജു ലത്തീൻ സഭയുടെ സഹായം തേടി പച്ചക്കള്ളമെന്ന് മന്ത്രി

Monday 18 September 2023 1:38 AM IST

തിരുവനന്തപുരം: രണ്ടര വർഷത്തിനുപകരം അഞ്ചുവർഷവും മന്ത്രിസ്ഥാനത്ത് തുടരാൻ ആന്റണിരാജു ലത്തീൻ സഭയുടെ സഹായം തേടിയതായി മോൺ. യൂജിൻ പെരേരയുടെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ ശുപാർശ ചെയ്യാൻ ആന്റണിരാജു ആവശ്യപ്പെട്ടതായും ഒരു ചാനലിനോട് ഫാ.യൂജിൻ പെരേര വ്യക്തമാക്കി. എന്നാൽ,​ യൂജിൻ പേരേര പറയുന്നത് പച്ചക്കള്ളമെന്ന് ഇതേ ചാനലിനോട് മന്ത്രി ആന്റണിരാജു പ്രതികരിച്ചു.

ഇടതു മുന്നണി ധാരണ പ്രകാരം നവംബറിൽ ആന്റണിരാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നതിനെക്കുറിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ലത്തീൻസഭ ആന്റണിരാജുവിനെതിരെ തിരിഞ്ഞത്.

താൻ പറഞ്ഞ കാര്യം നിഷേധിക്കാൻ ആന്റണിരാജുവിന് കഴിയില്ലെന്നും യൂജിൻ പെരേര പറഞ്ഞു. താൻ ലത്തീൻ സഭയുടെ മാത്രം മന്ത്രിയല്ലെന്ന് മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് സഭയെ പ്രകോപിപ്പിച്ചത്. ''നിൽക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണിരാജു. അഞ്ച് വർഷത്തേക്കുള്ള മന്ത്രി സ്ഥാനത്തിന് ഒത്താശ പറയാൻ നേരിട്ട് വന്നു കണ്ടു."" ഒന്നല്ല, പലതവണ കണ്ടിട്ടുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു. മുതലപ്പൊഴി വിഷയം കത്തിനിൽക്കുമ്പോൾ ലത്തീൻ കാത്തലിക് അസോസിയേഷൻ ഭാരവാഹികളും മന്ത്രിക്കെതിരെ തിരിഞ്ഞിരുന്നു. തീരദേശവാസികൾക്കു നേരെ മുഖം തിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പെരേരയെ വെല്ലുവിളിച്ച് മന്ത്രി

മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് താൻ സമീപിച്ചെങ്കിൽ മോൺ.യൂജിൻ പെരേര അത് തെളിയിക്കട്ടെയെന്ന് മന്ത്രി ആന്റണിരാജു വെല്ലുവിളിച്ചു. യൂജിൻ പെരേര എൽ.ഡി.എഫ് കൺവീനറോ മുഖ്യമന്ത്രിയോ ആണോ. തന്നെ മന്ത്രിയാക്കുന്നത് അദ്ദേഹമാണോ?

''ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞ് എന്നെ സമൂഹത്തിൽ ആക്ഷേപിക്കാൻ നോക്കേണ്ട. അത്തരം ആളുകളുടെ ഔദാര്യത്തിലല്ല ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. സ്വന്തം പ്രയത്നത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ്. ഇത്രയൊക്കെ പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തെപ്പോലുള്ളവർക്ക് നല്ലത്. രണ്ടര വർഷമാണ് മന്ത്രിസ്ഥാനം പറഞ്ഞിട്ടുള്ളത്. അത് അഞ്ചു വർഷമായി ആഗ്രഹിക്കേണ്ട കാര്യമില്ല.""

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ മാദ്ധ്യമ സൃഷ്ടി മാത്രമല്ലെന്നും അതിന് പിന്നിൽ മറ്റു ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ആന്റണിരാജു നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇടതു മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ മന്ത്രിസഭ പുനഃസംഘടന ചർച്ചയ്ക്ക് വരുമെന്ന് തോന്നുന്നില്ല. ഇനിയും രണ്ടുമാസം സമയമുണ്ട്. അപ്പോൾ എൽ.ഡി.എഫ് യുക്തമായ തീരുമാനമെടുക്കുമെന്നും ആന്റണിരാജു പറഞ്ഞു.