താമരശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

Monday 18 September 2023 8:02 AM IST

കോഴിക്കോട്: താമരശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഞായർ രാത്രി 11 മണിയോടെ ചുരത്തിലെ ഒൻപതാം വളവിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്‌ക്ക് പോകുകയായിരുന്ന പാഴ്‌സൽ ലോറിയാണ് മറിഞ്ഞത്. ചുരം പാതയുടെ സംരക്ഷണഭിത്തി തകർത്ത ലോറി സമീപത്തെ മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു.

രണ്ട് കർണാടക സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൊക്കയിലേക്ക് വീണ ലോറി മരങ്ങളിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്‌ചയിലേക്ക് വീണില്ല. ഇത് വലിയ അപകടം ഒഴിവാക്കി. ഒരാഴ്‌ച മുൻപ് ഏഴാംവളവിൽ ഒരു ലോറി കേടായതിനെ തുടർന്നും താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇന്നലെ രാത്രി ഏഴോടെ ചുരത്തിലെ എട്ടാം വളവിൽ കാർ നിയന്ത്രണം തെറ്റിയും ഒരപകടം ഉണ്ടായിരുന്നു. ചുരം കയറുന്നതിനിടെ മറ്റൊരു കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ സംരക്ഷണ ഭിത്തിയിലിടിച്ചാണ് ഇന്നോവ കാറിന് അപകടം സംഭവിച്ചത്. താഴെ കൊക്കയിലേക്ക് വീഴാതെയിരുന്നതിനാൽ വൻ അപകടം ഒഴിഞ്ഞു.