തൃശൂരിലും എറണാകുളത്തും സഹകരണ ബാങ്കുകളിലടക്കം ഇ ഡി റെയ്ഡ്; പരിശോധന നടത്തുന്നത് ഒൻപതിടങ്ങളിൽ
തൃശൂർ: തൃശൂരിൽ എട്ടിടത്തും, എറണാകുളം ജില്ലയിൽ ഒരു സ്ഥലത്തും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. അയ്യന്തോൾ, കുട്ടനെല്ലൂർ, അരണാട്ടുകര, പെരിങ്ങണ്ടൂർ, പാട്ടുരായ്ക്കൽ സഹകരണ ബാങ്കുകളിലടക്കമാണ് പരിശോധന നടക്കുന്നത്.
എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കരുവന്നൂർ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ കിരൺ എന്നയാളുടെ സുഹൃത്ത് കൂടിയാണ് ദീപക്ക് എന്നാണ് റിപ്പോർട്ടുകൾ. 5.2 കോടി രൂപയാണ് ഇയാൾക്ക് കരുവന്നൂരിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂർ സ്വദേശിയുമായ പി. സതീഷ്‌കുമാർ കള്ളപ്പണം വെളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ റെയ്ഡ് നടത്തുന്നത്. സി പി എം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനാണ് ഈ ബാങ്കിന്റെ പ്രസിഡന്റ്. കണ്ണന്റെ സാന്നിദ്ധ്യത്തിലാണ് ഇ ഡി പരിശോധന നടത്തുന്നത്.
അതേസമയം, നാളെ വീണ്ടും എ സി മൊയ്തീൻ ഇ ഡിക്ക് മുന്നിൽ ഹാജരാവും. കരുവന്നൂർ ബാങ്കിൽ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തൽ. മൊയ്തീനെ കൂടാതെ പാർട്ടിയിലെ രണ്ട് പ്രമുഖർക്ക് കൂടി കേസിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. പത്തോളം സഹകരണ ബാങ്കുകൾ ഉൾപ്പടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.