പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇത്തരം നിയമലംഘനങ്ങൾക്ക് കേരളത്തിൽ മാത്രമല്ല ഈ ഗൾഫ് രാജ്യത്തിലും പിടിവീഴും, കർശന പരിശോധന

Tuesday 19 September 2023 12:49 AM IST

ദോഹ: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി ശിക്ഷിക്കാനായി കർശന പരിശോധനയുമായി ഖത്തർ. വാഹനങ്ങളുടെ ശബ്ദ മലിനീകരണത്തിനും ടിന്റഡ് ഫിലിമുകളുടെ ഉപയോഗവും അടക്കമുള്ള നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളാണ് ഗതാഗത മന്ത്രാലയം സ്വീകരിക്കുന്നത്.

അനുവദനീയമായ പരിധിയിലും അധികമായി വാഹനത്തിന്റെ എൻജിൻ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടോ, കാഴ്ചപരിമിതിയുണ്ടാക്കുന്ന തരത്തിലെ ടിന്റഡ് ഫിലിമുകൾ ഉപയോഗിക്കുന്നുണ്ടോ എന്നിവ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇരുണ്ട ടിന്റഡ് ഫിലിമുകൾ ഉപയോഗിച്ചതിന് മാത്രം കഴിഞ്ഞ എട്ട് മാസത്തിനിടയിൽ 10,173 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്. റോഡ് സുരക്ഷയ്ക്കായി സുതാര്യമായ ഫിലിം സീറോ ഗ്ളാസുകൾ ഉപയോഗിക്കണം എന്നാണ് അധികൃതർ അറിയിക്കുന്നത്. സൂര്യപ്രകാശത്തിൽ നിന്നും ഇത്തരം ഗ്ളാസുകൾ സംരക്ഷിക്കും. ഇരുണ്ട ഫിലിം ഗ്ളാസുകൾ ദൂരക്കാഴ്ച്ച കുറയ്ക്കുമെന്നതിനാൽ അപകടകരമാണ്.

അതേസമയം തന്നെ ശബ്ദമലിനീകരണത്തിന് 4,405 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വാഹനത്തിന്റെ എൻജിൻ ഉപയോഗിച്ചുള്ള ശബ്ദ മലിനീകരണം. കൂടാതെ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുക, അമിത വേഗത എന്നിവയെല്ലാം പരിശോധനയിൽ പിടിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ലുസെയ്ൽ മേഖലയിലും പരിശോധന നടത്തിയിരുന്നു.