കരുവന്നൂർ കള്ളപ്പണക്കേസ് , തൃശൂരിലെ രണ്ട് സി.പി.എം ബാങ്കുകളിൽ ഇ.ഡി റെയ്ഡ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ സി.പി.എം ഭരണത്തിലുള്ള രണ്ട് സഹകരണ ബാങ്കുകളിൽ ഇ.ഡി ഇന്നലെ റെയ്ഡ് നടത്തി. കേരളബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ അദ്ധ്യക്ഷനായ തൃശൂർ സർവീസ് സഹകരണ ബാങ്ക്, അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പത്തംഗ ഇ.ഡി സംഘം സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ റെയ്ഡ് നടത്തിയത്.
ഇതിനൊപ്പം മൂന്ന് ആധാരമെഴുത്ത് ഓഫീസ്, ഒരു ജുവലറി, കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്റെ ബിനാമികളായ അനിൽകുമാർ, മറ്റൊരൾ എന്നിവരുടെ വീടുകൾ, കൊച്ചിയിൽ ബിസിനസുകാരനായ ദീപക്കിന്റെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഒൻപതിടത്തെ റെയ്ഡിന്റെയും വിവരം സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നില്ല.
തൃശൂർ കുറുപ്പം റോഡിലെ തൃശൂർ സഹകരണ ബാങ്കിലെത്തിയ ശേഷം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ കണ്ണനെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ശേഖരിച്ചു. കണ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
ഒമ്പതോടെ തൃശൂരിലെത്തിയ സംഘം ആദ്യം അയ്യന്തോൾ സഹകരണ ബാങ്കിലെത്തി. സതീശൻ 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തെ തുടർന്നാണ് അയ്യന്തോൾ ബാങ്കിലെ റെയ്ഡ്. സതീശന്റെയും ഭാര്യയുടെയും മകന്റെയും പേരിലുള്ള നാല് അക്കൗണ്ട് വഴിയാണ് പ്രധാനമായും 2013-2014 കാലത്ത് പണമിടപാട് നടന്നത്.
2013 ഡിസംബർ 27ന് സതീശൻ 50,000 രൂപ വീതം 25 തവണ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. 2014 മാർച്ചിലും മേയിലും സമാന രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു. സതീശന്റെ വിദേശത്തെ അക്കൗണ്ടിൽ നിന്ന് അയ്യന്തോൾ ബാങ്കിലേക്ക് പണമെത്തിയെന്നും അറിയുന്നു. മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച ഇ.ഡി സംഘം ബാങ്കിടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് ശേഖരിച്ചു.
സതീഷ്‌കുമാറിനൊപ്പം അറസ്റ്റിലായ പി.പി. കിരണിന്റെ സുഹൃത്തായ ദീപക്കിന്റെ ഹൈക്കോടതിക്ക് സമീപം കോമ്പാറയിലെ ഓഫീസാണ് പരിശോധിച്ചത്. കിരണിന് ലഭിച്ച 40 കോടി രൂപയിൽ അഞ്ചരക്കോടി ദീപക് നിലവിലില്ലാത്ത കമ്പനികൾ വഴി വെളുപ്പിച്ചെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ സംരംഭകനായ ദീപക്ക് വഴി കിരൺ പണം വെളുപ്പിച്ചെന്നാണ് വിവരം.
പണം പിൻവലിക്കാൻ
നിക്ഷേപകർ
റെയ്ഡ് വിവരമറിഞ്ഞ് അയ്യന്തോൾ ബാങ്കിൽ പണം പിൻവലിക്കാൻ നിരവധി പേരെത്തി. മാദ്ധ്യമ വാർത്തകൾ കണ്ട് പണം നഷ്ടപ്പെടുമെന്ന ആശങ്കയുമായാണ് ഇവരെത്തിയത്. ഇതിനിടെ, പ്രാദേശിക സി.പി.എം പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നുവെന്നായിരുന്നു ആരോപണം. ജീവനക്കാരെ പരിശോധിച്ച ശേഷമാണ് ഇ.ഡി ബാങ്കിലേക്ക് കടത്തിവിട്ടത്.