വീട്ടിലെ നായ ചത്തുപോയാൽ അടക്കാൻ സ്ഥലമില്ലെന്ന് കരുതി കൂടുതൽ വിഷമിക്കണ്ട, പരിഹാരമുണ്ട്

Tuesday 19 September 2023 11:46 AM IST

തിരുവനന്തപുരം: മക്കളെപ്പോലെ ഓമനിച്ചുവളർത്തിയ നായ്ക്കൾ പെട്ടന്നൊരു ദിവസം ചത്തുപോയാൽ ഉടമയ്ക്കത് സഹിക്കാൻ കഴിയില്ല. അപ്പോൾ അവരെ സംസ്കരിക്കാൻ സ്ഥലം കൂടി ഇല്ലെങ്കിലോ, നഗരത്തിൽ താമസിക്കുന്നവരാണ് ഈ വെല്ലുവിളി ഏറ്റവും കൂടുതൽ നേരിടുന്നത്. ഇതിന് പരിഹാരമാവുകയാണ് പേയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കമാൻഡോ' എന്ന സ്ഥാപനം. നായ്കൾക്ക് വേണ്ടി സംസ്ഥാനത്ത് ആദ്യമായി ശ്മശാനം ഒരുക്കുകയാണ് ഇവിടെ.

കമാൻഡോ സുരേഷ് എന്ന് വിളിപ്പേരുള്ള സുരേഷാണ് ഈ ആശയത്തിന് പിന്നിൽ. കഴിഞ്ഞ ആറ് മാസമായി ശ്മശാനം വിജയകരമായി മുന്നോട്ട് പോകുന്നു. സ്ഥാപനം നിൽക്കുന്ന 40 സെന്റിന് പുറമെ വിളപ്പിൽശാലയിലുള്ള ബന്ധുവിന്റെ ഒരേക്കർ സ്ഥലം കൂടി ശ്‌മശാനത്തിനായി ഉപയോഗിക്കുന്നു. അറിയിക്കുന്നതനുസരിച്ച് നായ്ക്കളെ കൊണ്ടുവന്ന് കുഴിയെടുത്ത് അടക്കം ചെയ്യും. കർമ്മങ്ങൾ എന്തെങ്കിലും ചെയ്യണമെങ്കിൽ അതുമാവാം. വളർത്തുനായ്ക്കളെ മാത്രമേ സംസ്‌കരിക്കൂ.

നായകൾക്കും നായപ്രേമികൾക്കുമായി ചെയ്തുവരുന്ന സേവനങ്ങളിൽ അവസാനത്തേതാണ് ശ്‌മശാനമെന്ന് സുരേഷ് പറയുന്നു. ശ്മശാനം മാത്രമല്ല വളർത്തുനായ്ക്കൾക്കായി ഹോസ്റ്റലും, ബ്യൂട്ടിപാ‌ർലറും,മൊബൈൽ ആശുപത്രിയും എല്ലാം വിജയകരമായി മുന്നോട്ട് പോകുന്നു. വിരമിച്ച ഡോക്ട‌ർമാരുടെ സഹായത്തോടെയാണ് മൊബൈൽ ആശുപത്രി നടക്കുന്നത്. യാത്രകൾക്കും മറ്റും പോകുന്നവരുടെ നായ്ക്കളെ താത്കാലികമായി സൂക്ഷിക്കാനുള്ള സംവിധാനവും കമാന്റോയിൽ ഉണ്ട്. ആഹാരമടക്കം ഒരു ദിവസത്തേക്ക് 300 രൂപയാണ് ഈടാക്കുന്നത്. വളർത്തുനായ്ക്കളെ വാടകയ്ക്ക് നൽകുന്നത് കൂടാതെ ഉടമ ഉപേക്ഷിക്കുന്ന നായ്ക്കളെ ഏറ്റെടുത്ത് സൗജന്യമായി ആവശ്യക്കാർക്ക് വളർത്താനായി നൽകും.

നായ്ക്കൾക്കായി റീഫ്രഷിംഗ് കോഴ്സും ഇവരുടെ നേതൃത്വത്തിൽ നടത്തുന്നു. ഇതിലൂടെ പ്രായമായ നായ്ക്കളെ മൂന്നു വർഷം വരെ ചുറുചുറുക്കോടെ നിറുത്താൻ കഴിയുമെന്നും മടിയൻമാരെ ചുണക്കുട്ടികളാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പറഞ്ഞു. 20 വർഷത്തിലേറെയായി നായപരിപാലനരംഗത്ത് ഇദ്ദേഹം പ്രവർത്തിക്കുന്നു.