തൃശൂർ സഹ. ബാങ്ക് സെക്രട്ടറിയെ ഇ.ഡി കൊച്ചിയിൽ ചോദ്യം ചെയ്തു

Wednesday 20 September 2023 12:17 AM IST

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ അദ്ധ്യക്ഷനായ തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൻ.ബി. ബിനുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു.

തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണിത്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ തിങ്കളാഴ്ച രാവിലെ പത്തോടെ തുടങ്ങിയ പരിശോധന ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് അവസാനിപ്പിച്ചത്. രണ്ടിടത്തും സതീശന്റേതുമായി ബന്ധപ്പെട്ട മുഴുവൻ അക്കൗണ്ട് വിവരങ്ങളും രേഖകളും ഇ.ഡി സംഘം കൊണ്ടുപോയി.അയ്യന്തോൾ ബാങ്കിൽ പരിശോധനയ്ക്ക് രണ്ട് ദിവസം മുമ്പ് ഇ.ഡി. ചോദിച്ച വിവരങ്ങൾ ബാങ്ക് അധികൃതർ ഇ - മെയിൽ അയച്ചിരുന്നു. ഇവയുടെ നേരിട്ടുള്ള പരിശോധനയ്ക്കും കൂടുതൽ രേഖകൾക്കുമായിരുന്നു റെയ്ഡ്. മെയിലിൽ അയച്ച വിവരങ്ങളുടെ പരിശോധനയാണ് നടന്നതെന്ന് ബാങ്ക് പ്രസിഡന്റ് എൻ. രവീന്ദ്രനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കള്ളപ്പണം

വെളുപ്പിച്ചില്ലെന്ന്

കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്റെ അയ്യന്തോൾ ബാങ്കിലുള്ള എസ്.ബി അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് എൻ. രവീന്ദ്രനാഥ് പറഞ്ഞു. ഈ അക്കൗണ്ടിൽ 40 കോടിയുടെ ഇടപാടുണ്ടായിട്ടില്ല. സതീശൻ ബാങ്ക് മെമ്പറല്ല. അദ്ദേഹത്തിന്റെ പേരിൽ വായ്പയില്ല. ഇ.ഡി മരവിപ്പിച്ച അക്കൗണ്ടുകളിലുള്ളത് 20 ലക്ഷമാണ്. ഡെബിറ്റും ക്രെഡിറ്റും ഉൾപ്പെടെ ടേണോവർ അടിസ്ഥാനത്തിൽ കണക്കാക്കിയാലും പരമാവധി രണ്ട് കോടിയുടെ ഇടപാടേ നടന്നിട്ടുണ്ടാകൂ.40 കോടിയുടെ കണക്ക് പരിഭ്രമിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. സുരക്ഷിത വായ്പകളേ നൽകിയിട്ടുള്ളൂ. നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ല. ആവശ്യപ്പെടുന്നവർക്ക് കാലാവധി പൂർത്തിയാകുമ്പോൾ നൽകും. അതിന് മുമ്പ് വേണ്ടവർ അപേക്ഷിച്ചാൽ കമ്മിറ്റിയിൽ വച്ച് പാസാക്കിക്കൊടുക്കും.. 2013 കാലത്ത് കെ.വൈ.സി മാനദണ്ഡം കർശനമായിരുന്നില്ല. അക്കൗണ്ടിൽ തവണകളായി പണമടയ്ക്കുന്നത് ബാങ്കിന് വിലക്കാനാകില്ലെന്നും, അത് നിക്ഷേപകന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.