പദ്മശ്രീ: സുന്ദർ മേനോനെതിരെ രാഷ്ട്രപതിക്ക് ഹർജി

Wednesday 20 September 2023 4:22 AM IST

കൊച്ചി: തൃശൂർ സ്വദേശി സുന്ദർമേനോന് നൽകിയ പദ്മശ്രീ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ചമ്മംകുഴിയിൽ ചന്ദ്രോത്ത് വീട്ടിൽ സി.കെ. പത്മനാഭൻ രാഷ്ട്രപതിക്ക് ഹർജി നൽകി.

ക്രിമിനൽ കേസുകളിൽ പ്രതിയായ സുന്ദർമേനോന് പദ്മശ്രീ നൽകിയത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പത്മനാഭനും തൃശൂർ അയ്യന്തോളിലെ വി.ആർ. ജ്യോതിഷും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരുവരും ഉന്നയിച്ച വാദം പരിഗണിച്ച കോടതി അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് നിരീക്ഷിച്ചു. ഉത്തരവാദിത്വപ്പെട്ടവരുടെ മുന്നിൽ വിഷയം അവതരിപ്പിച്ച് പരിഹാരം കാണാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരൂൺ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.

വിവിധ രാജ്യങ്ങളിൽ സുന്ദർമേനോനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും യാത്രാവിലക്കുമുണ്ടെന്ന് പരാതിയിൽ പറയുന്നു. അമേരിക്കയിൽ സാമ്പത്തിക തട്ടിപ്പ് കേസും ഖത്തറിൽ യാത്രാവിലക്കുമുണ്ട്. തൃശൂരിൽ വ്യവസായിയുടെ പത്തുകോടി തട്ടിയെടുത്തെന്ന കേസ് കോടതിയുടെ പരിഗണനയിലാണ്. 1993ൽ മുംബയിൽ കള്ളക്കടത്തുകേസിൽ പ്രതിയായിരുന്നു.

തൃശൂരിൽ 22കാരിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇദ്ദേഹത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2014ൽ പദ്മ അവാർഡിനായി സുന്ദർമേനോൻ കേന്ദ്രത്തിന് അപേക്ഷ നൽകിയത് ടി.എ. സുന്ദർമേനോൻ എന്ന പേരിലാണ്. ഈ പേരിലാണ് ഇദ്ദേഹം തൃശൂരിൽ അറിയപ്പെടുന്നത്. എന്നാൽ 2016ൽ സുന്ദർ ആദിത്യമേനോൻ എന്ന പേരിൽ വീണ്ടും അപേക്ഷ നൽകി. ഗോവയിൽ സ്വന്തമായി വീടോ ബിസിനസോ ഇല്ലാത്ത ഇദ്ദേഹത്തെ അന്ന് പുരസ്‌കാരത്തിന് ശുപാർശ ചെയ്തത് അവിടത്തെ സർക്കാരാണ്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നും പത്മനാഭൻ രാഷ്ട്രപതിക്ക് നൽകിയ ഹർജിയിൽ ബോധിപ്പിച്ചു.