ജാതി വ്യവസ്ഥയുണ്ടാക്കിയവർ മനുഷ്യനെ ചന്ദ്രനിലേക്ക് വിട്ടവരേക്കാൾ ബുദ്ധി ഉപയോഗിച്ചവർ,മാറ്റത്തിന് പൊതുസമൂഹം ഒന്നായി വരണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Tuesday 19 September 2023 10:32 PM IST

തൃശൂർ: ചന്ദ്രനിലേക്ക് ആളുകളെ വിട്ടെങ്കിലും ജാതിവിവേചനം കാണിക്കുന്നവരുടെ മനസ് കിടക്കുന്നത് പുറകിലാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ആ മനസിൽ മാറ്റം വരുത്താൻ പൊതുസമൂഹം ഒന്നായി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി വ്യവസ്ഥയുണ്ടാക്കിയവർ മനുഷ്യനെ ചന്ദ്രനിലേക്ക് വിട്ടവരേക്കാൾ ബുദ്ധി ഉപയോഗിച്ചവരാണെന്നും മന്ത്രി മാദ്ധ്യമ പ്രവർത്തകരോടായി പറഞ്ഞു.

നൂറ്റാണ്ടുകൾക്കപ്പുറം ഉണ്ടാക്കിയ ചിന്ത ഇപ്പോഴും മനസിൽ കിടക്കുകയാണെങ്കിൽ അവരുടെ ബുദ്ധി എത്ര വലുതാണെന്നും ദേവസ്വം മന്ത്രി ചോദിച്ചു. മേൽക്കോയ്മ സംസ്കാരം തലമുറ തലമുറയായി പക‌ർന്നു കിട്ടിയാതാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായിട്ടും ഒരു ക്ഷേത്രച്ചടങ്ങിൽ ജാതിയുടെ പേരിൽ മാറ്റിനിറുത്തപ്പെട്ടതായി രാധാകൃഷ്ണൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിൽ ജനുവരി മാസത്തിൽ നടന്ന സംഭവത്തെ കുറിച്ച് ഇന്നലെ ഭാരതീയ വേലൻ സൊസൈററിയുടെ കോട്ടയത്ത് നടന്ന പരിപാടിയിലാണ് മന്ത്രി പറഞ്ഞത്.

തനിക്ക് പരിഗണന കിട്ടാത്തതല്ല പ്രശ്‌നം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറേയേറെ മാറ്റമുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യയിലും മറ്റും നടക്കുന്നതു പോലുള്ള സംഭവങ്ങൾ ഇവിടെയുണ്ടാകാൻ പൊതുസമൂഹം സമ്മതിക്കില്ല. ജാതി ചിന്തകൾക്കെതിരെ പോരാടിയാണ് ഇവിടെ പൊതുസമൂഹം വളർന്നത്. ജാതി ചിന്തയും മത ചിന്തയും വന്നാൽ മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും ചർച്ചയാകില്ല. കേരളത്തിൽ ഇതൊക്കെ മാറ്റാൻ ഒരു പരിധി വരെ കഴിഞ്ഞെങ്കിലും എല്ലാവരുടെയും ജാതി ചിന്ത മാറിയിട്ടില്ല. എന്നാൽ ഇതിനെ പുറത്തെടുക്കാൻ പൊതുസമൂഹം അനുവദിക്കാറില്ല.

മുമ്പ് ഗുരുവായൂരിൽ പാവപ്പെട്ട കുട്ടികളെ കൃഷ്ണനാട്ടം അഭ്യസിക്കാൻ അനുവദിക്കാതിരുന്നതിൽ, സ്പീക്കറായിരുന്നപ്പോൾ അവിടെ നടന്ന പരിപാടിക്കിടെ താൻ പറഞ്ഞതിനെത്തുടർന്ന് മാറ്റം വരുത്തി. അയിത്തം കൽപ്പിക്കപ്പെടുന്ന മനുഷ്യന്റെ പണത്തിന് അയിത്തമില്ല. പണം കൈമാറുന്നത് മദ്യവും മത്സ്യവും വിൽക്കുന്നവർ ഉൾപ്പെടെയുള്ളവരിലൂടെയാണ്. ഈ പണമാണ് ആരാധനാലയങ്ങളിലുമെത്തുന്നത്. ചന്ദ്രയാൻ വിജയിക്കുമ്പോഴും നമ്മുടെ മനസ് വളരെ പിന്നിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി കെ.രാധാകൃഷ്ണന് പയ്യന്നൂരിൽ ജാതി വിവേചനം നേരിട്ട സംഭവത്തിൽ സംസ്ഥാന എസ്.സി എസ്.ടി കമ്മിഷൻ ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്തു. പൊലീസിനോടും ദേവസ്വം ബോ‌ർഡിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.