കിതച്ച് ആരോഗ്യമേഖല; സ്ഥിരം ഡോക്ടർമാർ 656 പേർ മാത്രം

Wednesday 20 September 2023 12:26 AM IST

മലപ്പുറം: ജനസംഖ്യയിൽ മുന്നിലെങ്കിലും സർക്കാർ ആശുപത്രികളിലെ കിടത്തി ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല ഏറെ പിന്നിൽ. മെഡിക്കൽ കോളേജ് മുതൽ പ്രാഥമികാരോഗ്യം കേന്ദ്രം വരെയുള്ള 126 ആശുപത്രികളിലായി ആകെ 3,148 കിടക്കകളാണ് ഉള്ളതെന്ന് ആരോഗ്യവകുപ്പ് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ആശുപത്രികളുടെ എണ്ണത്തിൽ ജില്ലയാണ് മുന്നിലെങ്കിലും കിടത്തി ചികിത്സയുടെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ്.

123 ആശുപത്രികളുള്ള തിരുവനന്തപുരത്ത് 8,122 കിടക്കകളുണ്ട്. 96 ആശുപത്രികളുള്ള കോഴിക്കോട് 6,327 കിടക്കകളും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫാമിലി ഹെൽത്ത് സെന്ററുകളുമാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നല്ലൊരു പങ്കും. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് മൂലം പല കമ്മ്യൂണിറ്റി ഹെൽത്ത് സെന്റുകളിലും കിടത്തി ചികിത്സ യഥാവിധി നടക്കുന്നില്ല. കൊവിഡ് വ്യാപന സമയത്ത് കിടക്കകളുടെ എണ്ണക്കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് കിടത്തി ചികിത്സ ആവശ്യം വരുന്നവരുടെ എണ്ണം സ്ഥിരമായി മലപ്പുറത്താണ് കൂടുതൽ.

സ്ഥിരം തസ്‌തിക കുറവ് ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങളും തസ്തികകളുമാണ് നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലുള്ളത്. 2015ലെ സ്റ്റാഫ് പാറ്റേണാണ് ഇവിടങ്ങളിൽ തുടരുന്നത്. ദിനംപ്രതി ഒ.പിയിൽ ശരാശരി 2,000 പേരും ഐ.പിയിൽ 300ഓളം പേരും ജില്ലാ ആശുപത്രികളിൽ എത്തുന്നുണ്ട്.

126 ആശുപത്രികളിലായി 656 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. നഴ്സുമാരടക്കം 3,093 ജീവനക്കാരും. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇക്കാര്യത്തിലും മലപ്പുറം ഏറെ പിന്നിലാണ്. തിരുവനന്തപുരത്ത് 1,169 ഡോക്ടർമാരും കോഴിക്കോട് 816 ഡോക്ടർമാരുമുണ്ട്. ആലപ്പുഴ- 737, കോട്ടയം -733 എന്നിങ്ങനെ. തിരുവനന്തപുരത്ത് 7,769 ജീവനക്കാരും കോഴിക്കോട് 5,009 പേരുമുണ്ട്. ജീവനക്കാരുടെ എണ്ണത്തിൽ മലപ്പുറം എട്ടാം സ്ഥാനത്താണ്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി, നാഷണൽ ഹെൽത്ത് മിഷൻ, കാസ്പ് എന്നിവ മുഖേന താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് മുന്നോട്ടുപോവുന്നത്.