റോഡ് പുതുക്കിപ്പണിയൽ: മാനദണ്ഡം പുതുക്കി

Wednesday 20 September 2023 1:58 AM IST

തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിക്കുള്ള പൈപ്പുകൾക്കായി റോഡിൽ കുഴിയെടുക്കാൻ പൊതുമരാമത്തുവകുപ്പ് പുതിയ മാനദണ്ഡങ്ങളുമായി ഉത്തരവ് പുറത്തിറക്കി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് നടപടി.

റോഡ് പുതുക്കിപ്പണിയാൻ ആവശ്യമായ തുക വാട്ടർ അതോറിട്ടി പൊതുമരാമത്തുവകുപ്പിന് നൽകണം. പുതുക്കിപ്പണിയൽ ഏറ്റെടുക്കാൻ കരാറുകാരൻ തയ്യാറായില്ലെങ്കിൽ വാട്ടർ അതോറിട്ടി ഏറ്റെടുക്കണം. നിർമ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലേ പ്രവൃത്തികൾ നടത്താവൂ. നിശ്ചിത കാലത്തിനുള്ളിൽ റോഡിന് കേടുപാടുണ്ടായാൽ അറ്റകുറ്റപ്പണിക്കുള്ള തുക വാട്ടർ അതോറിട്ടി പൊതുമരാമത്തുവകുപ്പിന് നൽകണമെന്നും സെക്രട്ടറി കെ. ബിജു ഇറക്കിയ ഉത്തരവിൽ പറയുന്നു.