വിഴിഞ്ഞം തുറമുഖത്തിന്റെ പേര് നിശ്ചയിച്ചു, ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒക്ടോബർ നാലിന് ആദ്യ കപ്പലെത്തും

Wednesday 20 September 2023 12:17 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പൽ എത്തുന്നത്. ഒക്ടോബർ 28ന് രണ്ടാമത്തേതും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തിൽ പുലിമുട്ടിന്റെ മുക്കാൽ ഭാഗവും നിർമ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.

അതേസമയം, ആദ്യ ചരക്കുകപ്പൽ അടുപ്പിക്കാനായി ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകണമെന്ന് എം വിൻസന്റ് എം എൽ എ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യു ഡി എഫിന്റെ കുഞ്ഞാണെന്നും, ഉമ്മൻ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.