നിപയും വവ്വാലുകളും ഇങ്ങനെയൊരു പണികൊടുക്കുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല, ഭാവിയിലെ കൃഷിയെന്നുപറഞ്ഞ് തുടങ്ങിയവർക്ക് ഇപ്പോൾ കണ്ണീർ മാത്രം

Wednesday 20 September 2023 4:21 PM IST

കോലഞ്ചേരി: നിപ്പയുടെ വരവോടെ പണി കിട്ടിയത് റമ്പൂട്ടാൻ കർഷകർക്കാണ്. പഴങ്ങൾ തിന്നുന്ന വവ്വാലുകളാണ് നിപ്പയുടെ ഉറവിടമെന്ന വാർത്ത വന്നതോടെ റമ്പുട്ടാൻ ആർക്കും വേണ്ടാതായി.വളരെയേറെ ശ്രദ്ധ നൽകി വളർത്തിയെടുത്ത റമ്പൂട്ടാൻ വില്പനക്കെത്തുന്ന ഘട്ടം വന്നപ്പോഴാണ് നിപ്പയുടെ ഭീതി വരുന്നത്. ഇതോട‌െ നല്ല വില കിട്ടേണ്ട പഴം എടുക്കാൻ ആളില്ലാതായി. വാങ്ങാൻ കച്ചവടക്കാർ എത്തുന്നില്ല. കഴിഞ്ഞ വർഷം വരെ പഴം ഒരു കിലോ 100 രൂപ മൊത്ത വിലയിലും 140 രൂപ ചില്ലറ വിലയുമായിരുന്നു വില്പന. കായിടുമ്പോൾ തന്നെ മൊത്ത കച്ചവടക്കാർ എത്തി വില കൊടുത്ത് നെ​റ്റുപയോഗിച്ച് മൂടിയിടുകയാണ് പതിവ്. ഇക്കുറി പഴുത്ത് വീണുപോകുന്ന ഘട്ടമെത്തിയിട്ടും ഒരാൾക്കു പോലും വേണ്ട. വെറുതെ കൊടുക്കാമെന്നു വച്ചാൽ പോലും ആവശ്യക്കാരില്ലെന്നാണ് കർഷകർ പറയുന്നത്.

സാധാരണഗതിയിൽ ജൂൺ മാസം മുതലാണ് റമ്പൂട്ടാൻ പഴുക്കുന്നതും വില്പനയ്ക്ക് തയ്യാറാകുന്നതും. ഇക്കുറി റമ്പൂട്ടാൻ പഴുത്തത് രണ്ട് ഘട്ടമായാണ്. ആദ്യ ഘട്ടം ജൂൺ മുതൽ ആഗസ്റ്റ് വരെയായിരുന്നു. നല്ല വില്പനയുമുണ്ടായി. രണ്ടാം ഘട്ടം റമ്പൂട്ടാൻ പഴുത്ത് വരുന്നതേയുള്ളൂ. ഹൈബ്രിഡ് റമ്പൂട്ടാൻ മരങ്ങളാണ് കാലം തെറ്റി പഴുക്കുന്നത്.

മരത്തി​ൽ തന്നെ പഴുക്കണം

റബറിനു വിലയിടിഞ്ഞപ്പോൾ നിരവധി പേർ ഈ കൃഷിയിലേക്ക് കടന്നിരുന്നു. റമ്പൂട്ടാൻ കൃഷിക്ക് ധാരാളം വെള്ളവും വെയിലും മാത്രം മതി, പ്രത്യേകിച്ച് വലിയ സംരക്ഷണമൊന്നും വേണ്ട . പറിച്ചു വച്ച് പഴുപ്പിക്കുന്ന രീതിയല്ല റമ്പുട്ടാന്റേത്. മരത്തിൽ കിടന്നു തന്നെ പഴുക്കണം. വൻ നഷ്ടത്തിലാണ് ഈ വർഷത്തെ കൃഷി.

100

കഴിഞ്ഞ വർഷത്തെ മൊത്ത വി​ല ഒരു കിലോ

100 രൂപയായി​രുന്നു

140

ചില്ലറ വില

140 രൂപയായി​രുന്നു

........................................

മുൻ വർഷത്തെക്കാളും പ്രതീക്ഷയോടെയാണ് ഇക്കുറി റമ്പൂട്ടാൻ സംരക്ഷിച്ചത്. വലിയ വില നൽകിയാണ് വല വാങ്ങി മൂടിയത്. എന്നാൽ വില്പനയുടെ ഘട്ടമെത്തിയപ്പോൾ വാങ്ങാൻ ആളില്ല. തോട്ടത്തിൽ നിന്നും പറിച്ച് ഫാം ഫ്രഷായി വില്ക്കുന്നതാണ് രീതി.

ആദിത്, യുവ കർഷകൻ