കരുവന്നൂർ തട്ടിപ്പ് കേസ്: ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സിപിഎം നേതാവിന്റെ പരാതി, പരിശോധനക്കെത്തി പൊലീസ്
Wednesday 20 September 2023 9:22 PM IST
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിനിടെ തന്നെ മർദ്ദിച്ചതായി പരാതിപ്പെട്ട് സിപിഎം നേതാവ്. പാർട്ടി നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കൊച്ചിയിൽ ഇ.ഡി ഓഫീസിൽ എറണാകുളം സെൻട്രൽ പൊലീസ് പരിശോധന നടത്തി. സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം അരവിന്ദാക്ഷൻ ചിരിച്ചുകൊണ്ടാണ് പോയതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് പി.ആർ അരവിന്ദാക്ഷനെ ഇ.ഡി ചോദ്യം ചെയ്‌തത്. പിന്നീട് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ ചികിത്സ തേടിയതിന്റെ രേഖകളടക്കം ഹാജരാക്കിയാണ് മർദ്ദന പരാതി പൊലീസിൽ നൽകിയത്. താൻ നിവൃത്തികേടുകൊണ്ടാണ് പരാതി നൽകിയതെന്ന് ഒരു മാദ്ധ്യമത്തോട് അരവിന്ദാക്ഷൻ അറിയിച്ചിരുന്നു.