പട്ടികജാതി പദ്ധതികളിൽ ക്രമക്കേടെന്ന് വിജിലൻസ്

Thursday 21 September 2023 12:40 AM IST

തിരുവനന്തപുരം: പട്ടികജാതി വികസന പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കാൻ 'ഓപ്പറേഷൻ പ്രൊട്ടക്‌ടർ' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായം, തൊഴിലിനും പരിശീലനത്തിനുമുള്ള പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, പഠന മുറികളുടെ നിർമ്മാണം തുടങ്ങിയവയാണ് പരിശോധിച്ചത്. 50 ബ്ലോക്ക് പഞ്ചായത്തുകൾ, 10 മുനിസിപ്പാലിറ്റികൾ, 5 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളിലും അനുബന്ധ സെക്‌ഷനുകളിലുമാണ് റെയ്ഡ് നടത്തിയത്.

പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ അയോഗ്യരുണ്ടോ, ടെൻഡർ ചെയ്യുന്ന പദ്ധതികളിൽ നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ നൽകുന്നുണ്ടോ, സാമ്പത്തിക സഹായങ്ങൾ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നുണ്ടോ എന്നിവ പരിശോധിച്ചു. ആനുകൂല്യങ്ങൾ നൽകാൻ ഗ്രാമസഭകൾ ചേർന്ന് തയ്യാറാക്കേണ്ട ഉപഭോക്തൃപട്ടികയിൽ കൊല്ലം കോർപ്പറേഷൻ, തിരുവല്ല , പത്തനംതിട്ട, പുനലൂർ, ചേർത്തല മുനിസിപ്പാലിറ്റികൾ, അമ്പലപ്പുഴ, വൈക്കം ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. റെയ്ഡ് തുടരുകയാണ്.

ഈരാറ്റുപേട്ട, കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകളിൽ പഠനമുറി നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം മുൻഗണന മറികടന്ന് നൽകി. പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളിൽ പട്ടികജാതി ആനുകൂല്യങ്ങൾ പട്ടികയിൽ ഇല്ലാത്തവർക്കും നൽകി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ലിസ്റ്റിൽ 52 അപേക്ഷകർ ഉണ്ടായിട്ടും ലിസ്റ്റിൽ ഇല്ലാത്ത 8 പേർക്ക് ഫണ്ട് അനുവദിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്കായി വാങ്ങിയ 34 ലാപ് ടോപ്പുകളിൽ 4 എണ്ണം കാണാനില്ല. കൊല്ലം കോർപ്പറേഷനിൽ 2018-2019ൽ പ്രായമുള്ളവർക്കുള്ള 344 കിടക്കകളിൽ 310 കിടക്കകൾ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന കിടക്കകളുടെ വിവരമില്ല.

വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ പഠനമുറിക്കായുള്ള മൂന്നാമത്തെ ഗഡു ബാങ്കില‌ടച്ചതായി രേഖയുണ്ടെങ്കിലും അപേക്ഷകന് കിട്ടിയില്ല.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരാൾക്ക് 2019-ൽ വാട്ടർ ടാങ്ക് നൽകാതെ, നൽകിയെന്ന് രേഖപ്പെടുത്തി. കാസർകോട് കാറടുക്ക ബ്ലോക്ക് പഞ്ചായത്തിൽ അഞ്ച് വർഷമായി ഭൂരഹിത പട്ടികജാതിക്കാർക്കായി സ്ഥലം വാങ്ങുന്നത് ഒരാളിൽ നിന്നാണ്.

സ്ഥലപരിശോധന ഉൾപ്പെടെ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ അറിയിച്ചു.