ആ സിക്സർ ചിത്രങ്ങൾക്ക്, നന്ദിപറഞ്ഞ് യുവരാജ്
Thursday 21 September 2023 4:47 AM IST
പത്തനംതിട്ട : കോഴഞ്ചേരി സ്വദേശി ഫാ. ക്രിസ്റ്റി വലിയ വീട്ടിൽ തയ്യാറാക്കിയ സാൻഡ് ആർട്ട് ചിത്രങ്ങൾക്ക് നന്ദി പറഞ്ഞ് യുവരാജ് സിംഗ്. 2007 സെപ്തംബർ 19ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പിൽ യുവരാജ് ഒരു ഓവറിൽ ആറ് സിക്സറുകൾ പകർത്തിയതിന്റെ പതിനാറാം വാർഷികമായിരുന്നു ഇന്നലെ. ആ നിമിഷങ്ങളാണ് ഫാ. ക്രിസ്റ്റി പകർത്തി യുവരാജിന് അയച്ചുനൽകിയത്.
"ഈ മനോഹരമായ സാൻഡ് ആർട്ടിന് നന്ദി. ഈ വീഡിയോ പങ്കുവയ്ക്കാൻ എറ്റവും മികച്ച ദിവസമാണിന്ന്. "-യുവരാജ് സിംഗ് ഫേസ്ബുക്കിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിലും പോസ്റ്റുചെയ്തു.
99 ക്രൈം ഡയറി എന്ന മലയാള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സാൻഡ് ആർട്ടിലൂടെ വരച്ചതും ഫാ. ക്രിസ്റ്റിയാണ്. ആൻഡമാൻ നിക്കോബർ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലെ വൈദികനാണ്. വലിയ വീട്ടിൽ ജോർജ് വർഗീസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ : ബിൻസു. മകൾ :റീബ.