കേരളനാട് തൊട്ട് പുത്തൻ ഡിസൈനിലൊരുക്കിയ രണ്ടാം വന്ദേഭാരത്; പാലക്കാട് കടന്ന് തലസ്ഥാനത്തേക്ക്
പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ് തമിഴ്‌നാട് കടന്ന് കേരളമണ്ണിലേക്ക് എത്തി. രാത്രി 10.20ഓടെ വെള്ളയും കാവിയും കറുപ്പും നിറമാർന്ന പുതുപുത്തൻ റേക്കുകളടങ്ങിയ ട്രെയിൻ പാലക്കാട് റെയിൽവെ സ്‌റ്റേഷനിലെത്തി. ട്രെയിൻ കാണാനും ചിത്രങ്ങൾ പകർത്താനും നിരവധിയാളുകളാണ് ഈ സമയം പാലക്കാട് സ്‌റ്റേഷനിലെത്തിയത്. നാളെ രാവിലെയോടെ ട്രെയിൻ തലസ്ഥാന നഗരിയിലെത്തും.
ഇവിടെ ട്രയൽ റണ്ണിന് ശേഷം കാസർകോട് നിന്ന് ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്‌ചയോടെ ഉണ്ടാകും. ഇന്നലെ കാട്‌പാടി റെയിൽവെ സ്‌റ്റേഷൻവരെ ട്രയൽ റൺ നടന്നിരുന്നു.ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.45നാണ് ട്രെയിൻ കേരളത്തിലേക്ക് തിരിച്ചത്. ഞായറാഴ്‌ച ഒൻപത് റൂട്ടുകളിലെ വന്ദേഭാരത് സർവീസുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നടത്തുമെന്നാണ് വിവരം. എന്നാൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ ചൊവ്വ, ബുധൻ ദിവസങ്ങളായേക്കും. ആദ്യ വന്ദേഭാരത് ട്രെയിൻ കോട്ടയം വഴിയാണെങ്കിൽ പുത്തൻ സർവീസ് ആലപ്പുഴ വഴിയാണ്. 215 ശതമാനം ഒക്യുപെൻസി നിരക്കുള്ള കോട്ടയം വഴി ഓടുന്ന വന്ദേഭാരതാണ് രാജ്യത്തെ വന്ദേഭാരതുകളിൽ ഒന്നാമത്.