അയിത്തമല്ല,​ പാലിച്ചത് പൂജാനിയമങ്ങൾ: അക്കീരമൺ

Thursday 21 September 2023 1:32 AM IST

പത്തനംതിട്ട: കണ്ണൂരിലെ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനോട് അയിത്തം കാണിച്ചിട്ടില്ലെന്നും പൂജാ നിയമങ്ങൾ പാലിക്കുക മാത്രമാണ് മേൽശാന്തി ചെയ്തതെന്നും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അയിത്താചാരം ഇപ്പോൾ എങ്ങുമില്ല. പൂജ ചെയ്യുന്നവർക്ക് ബ്രാഹ്മണർ,​ അബ്രാഹ്മണർ എന്ന വ്യത്യാസമില്ല. പൂജ ചെയ്യുന്നതിന് നിഷ്ഠകളുണ്ട്. ദേഹശുദ്ധി വരുത്തി ദേവനെ ആവാഹിച്ച് ദേവനായി മാറിയ ശേഷമാണ് മേൽശാന്തി പൂജ ചെയ്യുന്നത്. ആ സമയത്ത് ആരെയും സ്പർശിക്കാറില്ല. ദേവസ്വം ബോർഡ് ഭരിക്കുന്നവർക്ക് ഇക്കാര്യങ്ങളിൽ തിരിച്ചറിവ് വേണം. മന്ത്രി രാധാകൃഷ്ണൻ കാര്യങ്ങൾ തെറ്റിദ്ധരിച്ചതാണ്. എട്ടു മാസം മുൻപ് നടന്ന കാര്യമായിട്ടും മന്ത്രി അതേപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചില്ല. വിഷയം ഇപ്പോൾ ഉയർത്തിക്കൊണ്ടു വന്നതിൽ സംശയങ്ങളുണ്ടെന്നും അക്കീരമൺ പറഞ്ഞു.