ലോട്ടറി വരുമാനം വലുതല്ല: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: ലോട്ടറിയുടെ ആകെ വില്പനയിൽ മൂന്നു ശതമാനത്തോളമാണ് സർക്കാരിന് വരുമാനം കിട്ടുകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
തിരുവോണം ബംപർ നറുക്കെടുപ്പിന് ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു ചെറിയ തുകയാണ്. എന്നാൽ ഒരു ലക്ഷത്തോളം പേർക്കു തൊഴിൽ കിട്ടുന്ന പദ്ധതിയെന്ന നിലയിൽ ലോട്ടറിയുടെ പ്രധാന്യം വലുതാണെന്ന് ധനമന്ത്രി പറഞ്ഞു.
ഓണം ബംപർ എഴുപത്തിയഞ്ച് ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു. ഇത്രയധികം ടിക്കറ്റുകൾ വിറ്റെന്നു പറയമ്പോൾ തന്നെ അഞ്ചര ലക്ഷത്തോളം പേർക്ക് സമ്മാനങ്ങൾ കിട്ടുന്നുണ്ട്. ഇതിനു പുറമേ ഒരു ലക്ഷത്തോളം വരുന്ന ഏജന്റുമാർക്കിടയിലും പണം എത്തുന്നുണ്ട്. ഇത്രയധികം പേരിൽ പണം എത്തിക്കാൻ കഴിയുന്ന പദ്ധതിയാണ് ലോട്ടറിയെന്ന് ധനമന്ത്രി പറഞ്ഞു.
സമ്മാനഘടനയിൽ ഇത്തവണ വലിയ പരിഷ്‌കാരം വരുത്തിയിരുന്നു. മൂന്നര ലക്ഷം എന്നത് അഞ്ചര ലക്ഷമാക്കി. പൂജ ബംപറിലും സമ്മാന ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ലോട്ടറിയുടെ ആകെ വില്പനയിൽ മൂന്നു ശതമാനത്തോളമാണ് സർക്കാരിന് വരുമാനം കിട്ടുക. കാരുണ്യ ബെനവലന്റ് ഫണ്ട് പോലെയുള്ള കാര്യങ്ങൾക്കാണ് ഈ പണം പ്രധാനമായും ഉപയോഗിക്കുക.
ലോട്ടറിയാണ് സർക്കാരിന്റെ പ്രധാന വരുമാന മാർഗമെന്ന സി.എ.ജി പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ ചെലവെല്ലാം കഴിഞ്ഞ് സർക്കാരിനു കിട്ടുന്നത് വളരെ ചെറിയ തുകയാണെന്ന് മന്ത്രി മറുപടി നൽകി. ലോട്ടറി സർക്കാർ വകുപ്പ് ആയതിനാൽ 12,000 കോടിയുടെ ലോട്ടറി വിറ്റാൽ ആ തുക വരവിന്റെ കോളത്തിൽ കാണിക്കും. സമ്മാനം കൊടുക്കുന്നതും കമ്മിഷൻ കൊടുക്കുന്നതുമൊക്കെ അതിൽനിന്നു കുറയും.
ഒരു ലക്ഷം ആളുകൾക്കാണ് ലോട്ടറി കൊണ്ടു ജീവിക്കാൻ പറ്റുന്നത്. അതുകൊണ്ടുതന്നെ അതു വലിയ കാര്യമാണ്. വലിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് ലോട്ടറിയെന്ന് മന്ത്രി പറഞ്ഞു.