ശബരിമല കയറി നെഹ്റുട്രോഫി
Thursday 21 September 2023 2:01 AM IST
ആലപ്പുഴ: പുന്നമടക്കായലിൽചരിത്ര വിജയം നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് - വീയപുരംചുണ്ടൻ പ്രതിനിധികൾക്കൊപ്പം നെഹ്റുട്രോഫി ശബരിമലയിലെത്തി. ക്ലബ്ബ് ഭാരവാഹികളുടെയും, ചുണ്ടൻ ഭാരവാഹികളുടെയും നേർച്ചയുടെ ഭാഗമായാണ് കപ്പുമായി മല കയറിയത്. ചുണ്ടന്റെ ഭാരവാഹികളായ രാജീവ്, രതീഷ്, പള്ളാത്തുരുത്തി ബ്ലോട്ട് ക്ലബ്ബിനെ പ്രതിനിധീകരിച്ച് രാഹുൽ രമേഷ് എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി ശബരിമല സന്നിധിയിലെത്തിയത്. തന്ത്രിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയാണ് സംഘം മലയിറങ്ങിയത്. ശബരിമല കൂടാതെ മൂകാംബിക, തിരുപ്പതി, മൃദംഗശൈലേശ്വരി ക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലും ക്ലബ്ബ് ഭാരവാഹികൾ കപ്പുമായെത്തി നേർച്ച പൂർത്തീകരിക്കും.