ചൈനീസ് കളിവിളക്ക് നാളെ തെളിയും

Friday 22 September 2023 4:17 AM IST

ഹ്വാംഗ്ചോ: ആധുനിക സാങ്കേതിക വിദ്യയും പരിചയ സമ്പത്തും സമന്വയിപ്പിച്ച വൻകരയുടെ കായിക മാമാങ്കത്തിന് ചൈനീസ് നഗരമായ ഹ്വാംഗ്ചോയിൽ നാളെ തിരിതെളിയും. 19-ാമത് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ നാളെ ഇന്ത്യൻ സമയം വൈകിട്ട് ആറര മുതലാണ്.

അതേസമയം ക്രിക്കറ്റ്,ഫുട്ബാൾ,വോളിബാൾ തുടങ്ങിയ ഇനങ്ങളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നുവരികയാണ്.

45 രാജ്യങ്ങളിൽ നിന്നായി 12,​000ത്തിലധികം കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന ഗെയിംസിനായി സമാനതകളില്ലാത്ത സാങ്കേതിക സൗകര്യങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. മാസങ്ങൾക്ക് മുന്നേ വേദികളുടെ നിർമ്മാണം പൂർത്തിയായ ഹ്വാംഗ്ചോയിൽ കായിക താരങ്ങൾക്ക് താമസിക്കാൻ അത്യന്താധുനികരീതിയിലുള്ള ഗെയിംസ് വില്ലേജും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ നടന്ന പുരുഷ ഫുട്ബാളിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ 1-0ത്തിന് ബംഗ്ലാദേശിനെ കീഴടക്കി. പെനാൽറ്റിയിൽ നിന്ന് സൂപ്പർ താരം സുനിൽ ഛെത്രിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. വനിതാ ക്രിക്കറ്റിൽ മലേഷ്യയുമായുള്ള ക്വർട്ടർ ഫൈനൽ മത്സരം മഴയെടുത്തെങ്കിലും ഇന്ത്യ റാങ്കിംഗ് മികവിൽ സെമിയിലേക്ക് കടന്നു. സെയ്‌ലിംഗിൽ മലയാളി താരം അദ്വൈദ് പി.മേനോൻ ഇന്നലെ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങി. ആദ്യ റേസിൽ അഞ്ചാം സ്ഥാനത്തും രണ്ടാം റേസിൽ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.