ന്യൂനമർ‌ദ്ദവും ചക്രവാതച്ചുഴിയും,​ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യത,​ ഈ ഏഴുജില്ലകളിൽ ജാഗ്രതാനിർദ്ദേശം

Thursday 21 September 2023 9:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും നിലനിൽക്കുന്നതാണ് കേരളത്തിൽ വീണ്ടും മഴ സാദ്ധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്നാണ് അറിയിപ്പ്. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയെന്ന്കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിലാണ് ന്യൂനമ‌ർദ്ദം സ്ഥിതിചെയ്യുന്നത്. കോമോറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി എന്നിവിടങ്ങളിലും നാളെ മലപ്പുറം,​ കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഉരുൾപൊട്ടലുണ്ടായി. ഇഞ്ചപ്പാറയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളാനി പ്രദേശം ഒറ്റപ്പെട്ടതായാണ് വിവരം. കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസപ്പെട്ടു. തീക്കോയി, തലനാട്, അടുക്കം, ഒറ്റയീട്ടി മേഖലയിൽ മണിക്കൂറുകളായി മഴ നിർത്താതെ പെയ്യുകയാണ്. നീരൊഴുക്ക് ശക്തമായതിനാൽ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിലെ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.