ഇ.ഡിയുടെ ജപ്തിനടപടികൾക്കെതിരെ സാന്റിയാഗോ മാർട്ടിൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

Friday 22 September 2023 12:30 AM IST

കൊച്ചി: ലോട്ടറിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നതുതടയൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ 910.29 കോടിയുടെ സ്വത്തുക്കൾ താത്കാലികമായി ജപ്‌തിചെയ്തത് ചോദ്യംചെയ്ത് സാന്റിയാഗോ മാർട്ടിൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾബെഞ്ച് നേരത്തെ ഹർജി തള്ളി ഇ.ഡിയുടെ നടപടികൾ ശരിവച്ചിരുന്നു. ഇതിനെതിരെ സാന്റിയാഗോ മാർട്ടിനും ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ലിമിറ്റഡും നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് തള്ളിയത്.

ജപ്‌തി നടപടികൾക്കെതിരെ സാന്റിയാഗോ നൽകിയ പരാതി ബന്ധപ്പെട്ട അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ പരിഗണനയിലുണ്ട്. ഇത് കണക്കിലെടുത്ത ഡിവിഷൻബെഞ്ച് അതോറിറ്റി വേഗം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയാണ് അപ്പീൽ തള്ളിയത്. സാന്റിയാഗോ മാർട്ടിന്റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ കണക്കിലെടുക്കാതെ പരാതി പരിഗണിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലോട്ടറി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ലോട്ടറിക്കച്ചവടം നടത്തിയ കേസിൽ സാന്റിയാഗോ മാർട്ടിൻ പാർട്‌ണറായ എം.ജെ അസോസിയേറ്റ്‌സിനെതിരെ സി.ബി.ഐ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റർചെയ്ത് സ്വത്തുക്കൾ ജപ്തിചെയ്തത്. 2016 മുതൽ പലതവണകളായാണ് സ്വത്ത് ജപ്തിചെയ്തത്. കഴിഞ്ഞ ജൂൺ ഒമ്പതിനും കുറേസ്വത്തുക്കൾ ജപ്തിചെയ്തിരുന്നു. തുടർന്നാണ് സാന്റിയാഗോ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജപ്തിക്കെതിരെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയിലെത്തിയെന്ന് ഇ.ഡി വാദിച്ചു. തുടർന്നാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്. ഇതിനെതിരെ നൽകിയ അപ്പീലിൽ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി പരാതി പരിഗണിക്കുന്നുണ്ടെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ജില്ലാ ജഡ്ജി നിയമനത്തിന് യോഗ്യതയുള്ളവരാണ് അതോറിറ്റിയിലുള്ളതെന്നും നിയമപരമായ വിലയിരുത്തൽ ഇക്കാര്യത്തിലുണ്ടാവുമെന്നും അഭിപ്രായപ്പെട്ടു.