എല്ലാ ഹർജികളിലും ഡി.എൻ.എ ടെസ്റ്റ് അനുവദിക്കാനാകില്ല: ഹൈക്കോടതി

Friday 22 September 2023 12:32 AM IST

കൊച്ചി: കുട്ടിയുടെ പിതൃത്വത്തെക്കുറിച്ച് തർക്കമുള്ള എല്ലാ കേസുകളിലും ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടാൻ കഴിയില്ലെന്നും, മറ്റ് പോംവഴികളില്ലെങ്കിൽ മാത്രമേ അതിന് അനുമതി നൽകാനാവൂയെന്നും ഹൈക്കോടതി. കുട്ടിയുടെ ഡി.എൻ.എ ടെസ്റ്റിന് അനുമതി നിഷേധിച്ച പറവൂർ കുടുംബക്കോടതി ഉത്തരവിനെതിരെ യുവാവു നൽകിയ ഹർജി തള്ളി ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതൃത്വം നിർണയിക്കാനാവാതെ വരികയും ഡി.എൻ.എ പരിശോധനയല്ലാതെ തർക്ക പരിഹാരത്തിനു മാർഗ്ഗങ്ങൾ ഇല്ലാതാവുകയും ചെയ്താൽ ഇതിനു അനുമതി നൽകാനാകുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

2004 ൽ വിവാഹിതനായ ഹർജിക്കാരന് 2006 ൽ കുഞ്ഞു ജനിച്ചു. ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന കാരണത്താൽ ഇയാൾ വിവാഹ മോചനം നേടിയതിനു പിന്നാലെയാണ് കുട്ടിയുടെ പിതൃത്വത്തിൽ സംശയം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ജീവനാംശം നൽകാതിരിക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് കുട്ടിയുടെ അമ്മ വാദിച്ചതിനെ തുടർന്നാണ് ഹർജിക്കാരന്റെ ആവശ്യം കുടുംബക്കോടതി നിരസിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു.