ആ ഭരണനേട്ടം കൈവിട്ടുപോയി, പി.എസ്.സി നിയമനം താഴേക്ക്

Friday 22 September 2023 12:39 AM IST

തിരുവനന്തപുരം: ഭരണമികവായി ഓരോ സർക്കാരും ഉയർത്തിക്കാട്ടുന്ന പി.എസ്.സി വഴിയുള്ള സ്ഥിരനിയമനം ഈ വർഷം കുത്തനെ കുറഞ്ഞു. നൂറു കണക്കിന് ഒഴിവുകളിലേക്കുള്ള നിരവധി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കുമ്പോഴാണ് ഈ അവസ്ഥ.

വർഷത്തിൽ 35,000 ലേറെ നിയമനങ്ങൾ നടന്ന സ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ നടന്നത് 15,144 നിയമനങ്ങൾ മാത്രം.

മുൻപ് നടന്നിരുന്നതിന്റെ പകുതി നിയമനങ്ങൾ പോലും

നടക്കുന്നില്ല. ഈ വർഷം ഇനി ശേഷിക്കുന്നത് മൂന്നു മാസം മാത്രം. 2016ൽ 37,530 നിയമനങ്ങളും 2019 ൽ 35,422 നിയമങ്ങളും നടത്തിയിരുന്നു.

2011 മേയ് മുതൽ 2016 മേയ് വരെയുള്ള ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 1,54,386 നിയമനങ്ങളാണ് നടന്നിരുന്നത്. 27,000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ വന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടത്തി റെക്കാ‌ഡിട്ടു. 30,000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്‌തു . ആദ്യ വർഷമായ 2016 ലാണ് ഏറ്റവും കൂടുതൽ നിയമനം നടന്നത്. 2017 ൽ 35,911 നിയമനങ്ങളും നടന്നു.

കൂടുതൽ നിയമനങ്ങൾ നൽകിയത് യുവജനങ്ങളുടെ വോട്ടുകിട്ടാൻ ഉപകരിച്ചുവെന്ന് ഇടതുപക്ഷം തന്നെ വിലയിരുത്തിയിരുന്നു. അത് ഉൾക്കൊണ്ട രണ്ടാം പിണറായി സർക്കാർ ആദ്യ വർഷം 35,422 നിയമനങ്ങൾ നടത്തി. പക്ഷേ, തുടർന്നുള്ള വർഷങ്ങളിൽ നിയമനങ്ങൾ കുറഞ്ഞു.

ഏറ്റവുമധികം റിട്ടയർമെന്റുകൾ ഉണ്ടാകുന്ന മാർച്ച് - മേയ് മാസങ്ങൾ കഴിഞ്ഞിട്ടും നിയമനത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിന്റെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി തീരെ മോശമായതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നിയമന ശുപാർശ നൽകുന്നതും മനഃപൂർവം വൈകിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

നിയമനം ഇങ്ങനെ:

(വർഷം , എണ്ണം) 2016 --------- --37,530 2017 ---------- 35,911 2018 ------------28,025 2019 ------------35,422 2020 ------------25,914 2021 ------------26,724 2022 ------------22,393 2023 -------------15,144

പി.എസ്.സി നിയമനം: മുൻ വർഷങ്ങളെക്കാൾ ഇക്കൊല്ലം 60 ശതമാനം കുറവ്