ചെമ്പഴന്തി ഗുരുകുലത്തിലെ മഹാസമാധി ദിനാചരണ സമ്മേളനം ആന്റണി രാജു ഉദ്ഘാടനം ചെയ്തു

Friday 22 September 2023 12:06 PM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ആചരിക്കുന്നു. രാവിലെ 10ന് നടന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവർ പങ്കെടുത്തു.

വയൽവാരം വീടിനുമുന്നിൽ രാവിലെ ഒമ്പതുമണിമുതൽ ആരംഭിച്ച ഉപവാസ പ്രാർത്ഥനാ യജ്ഞം അഭയാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.

രണ്ടു മണിക്ക് ശിവഗിരി ശാരദാമഠത്തിൽ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഹോമയജ്ഞം നടക്കും. മൂന്നിന് ശാരദാമഠത്തിൽ നിന്നും ആരംഭിക്കുന്ന കലശപ്രദക്ഷിണം വൈദികമഠം, ബോധാനന്ദസ്വാമി സമാധി വഴി മഹാസമാധി സന്നിധിയിൽ എത്തിച്ചേരും. മഹാസമാധി സമയമായ 3.30വരെ സമാധി പീഠത്തിൽ പ്രത്യേക പൂജകൾ നടക്കും. അഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും.കഴിഞ്ഞ ഗുരുദേവ ജയന്തി ദിനത്തിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകൾക്കും മറ്റ് മത്സരജേതാക്കൾക്കുമുളള സമ്മാനങ്ങൾ 4 മണിക്ക് വിതരണം ചെയ്യും.

അരുവിപ്പുറത്ത് അഖണ്ഡനാമ ജപം

ശ്രീനാരായണ ഗുരുദേവൻ പ്രഥമ പ്രതിഷ്ഠ നിർവഹിച്ച അരുവിപ്പുറം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഖണ്ഡനാമജപവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് 'സമാധി എന്നാൽ എന്ത്,​ എങ്ങനെ നാം ആചരിക്കണം' എന്ന വിഷയത്തിൽ സ്വാമി സാന്ദ്രാനന്ദയുടെ പ്രഭാഷണം. 3.30ന് മഹാസമാധി പൂജയും തുടർന്ന് കഞ്ഞി വീഴ്ത്തും. ഗുരുദേവൻ ദീർഘനാൾ തപസനുഷ്ഠിച്ച കൊടിതൂക്കിമല കുമാരഗിരി ഗുരുക്ഷേത്രത്തിലും പൂജയും മറ്റ് ചടങ്ങുകളുമുണ്ടാകും.