മാലിന്യത്തിൽ പത്ത് പവന്റെ സ്വർണം; അവകാശിയെ കണ്ടെത്തി ഏൽപ്പിച്ച് രാധയും ഷൈബയും, അഭിനന്ദനവുമായി മന്ത്രി

Friday 22 September 2023 2:33 PM IST

കൊച്ചി: മാലിന്യത്തിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തിയ തിരിച്ചേൽപ്പിച്ച ഹരിതകർമ്മ സേനയിലെ അംഗങ്ങൾക്ക് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണനെയും ഷൈബാ ബിജുവിനെയുമാണ് മന്ത്രി അഭിനന്ദിച്ചത്.

സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് ഇവർ കാഴ്ചവച്ചതെന്ന് ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ട് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് ഇവർക്ക് കിട്ടിയത്. അന്വേഷണത്തിനൊടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി മാല കൈമാറിയ ഇവരുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയ്‌ക്ക് ബിഗ് സല്യൂട്ടെന്ന് പറഞ്ഞ മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പത്ത് പവൻ, പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന്‌ തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ്‌ തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

ഹരിതകർമ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാർഥതയുടെയും അനുഭവസാക്ഷ്യങ്ങളിൽ ഒടുവിലത്തേതാണിത്. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മാലിന്യത്തിൽ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നൽകിയ ഹരിതകർമ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയെയും മുൻപ് പരിചയപ്പെടുത്തിയിരുന്നു. നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതർമ്മ സേനാംഗങ്ങളാണ്, സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുന്നത്. നന്മയുടെ പുത്തനധ്യായങ്ങളുമായി ഹരിതകര്‍മ്മ സേന മുന്നോട്ട് കുതിക്കും. കേരളത്തിന്റെ ഈ ശുചിത്വസേനയെ നമുക്ക് ചേർത്തുപിടിക്കാം