'ലിങ്ക്' തുറന്നാൽ പണം നഷ്ടം, ഓൺലൈൻ തട്ടിപ്പിൽ പുതുതന്ത്രം

Saturday 23 September 2023 12:40 AM IST

തിരുവനന്തപുരം: ഒ.ടി.പി ഷെയർ ചെയ്യരുതെന്ന ബോധവത്കരണം ശക്തമായതോടെ പണം തട്ടാൻ പുതുവഴി കണ്ടെത്തി ഓൺലൈൻ തട്ടിപ്പു സംഘം. മൊബൈലിൽ ലിങ്ക് ഷെയർ ചെയ്താണ് പുതിയ തട്ടിപ്പ്. ഇതിലൂടെ അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന്റെ അടക്കം വിവരങ്ങൾ മനസിലാക്കിയാണ് പണം തട്ടുന്നത്. കുറച്ചുനാൾ മുമ്പ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ഒരു ജഡ്ജിക്ക് നഷ്ടമായത് 9,200 രൂപയാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയെന്ന സന്ദേശമാണ് ലഭിച്ചത്.

വിശ്വസനീയമെന്ന് തോന്നിക്കുന്ന എന്തെങ്കിലും സന്ദേശത്തോടൊപ്പമാകും ലിങ്കും ഉണ്ടാവുക. ഇത് തുറക്കുന്നതോടെ ഫോണിൽ ഓട്ടോമാറ്റിക്കായി ഒരു ആപ്ലിക്കേഷൻ ഓണാകും. ഈ ആപ്പ് ഹിഡൺ (രഹസ്യ) മോഡിലായതിനാൽ ഉടമയ്ക്ക് കാണാനാവില്ല. ഫോൺ പ്രവർത്തിപ്പിക്കുമ്പോഴൊക്കെ ആപ്പ് പിന്നണിയിൽ പ്രവർത്തിക്കും. മെസേജുകൾ ഉടമ വായിക്കുന്നതിനുമുമ്പേ തട്ടിപ്പുകാർക്ക് ലഭിക്കും. ഇതുവഴി അക്കൗണ്ട് വിവരമടക്കം ചോർത്തും. ഒ.ടി.പി പോലും ഇങ്ങനെ തട്ടിപ്പുകാർക്ക് അറിയാനാകും.

ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് വിവരം മനസിലാക്കി വ്യാജ കാർഡ് ചമച്ചാകാം ജഡ്ജിയുടെ പണം തട്ടിയതെന്നാണ് നിഗമനം. വഞ്ചിയൂർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

'വൈറസ്' സന്ദേശമയച്ചും തട്ടിപ്പ്

ഫോണിൽ വൈറസ് കയറിയെന്നും ഉടൻ സ്കാൻ ചെയ്യണമെന്നുമുള്ള സന്ദേശങ്ങളയച്ചും വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്താറുണ്ട്. വലിയ വൈബ്രേഷനോടെയായിരിക്കും സന്ദേശം എത്തുക. ഇത് സ്കാൻ ചെയ്യുന്നതോടെ വിവരങ്ങൾ തട്ടിപ്പുകാരുടെ പക്കലെത്തും. ഫോൺ ഉടമയുടെ വിവരങ്ങൾ ഡാർക്ക്‌ വെബ് പോലുള്ള സൈറ്റുകളിൽ ലക്ഷങ്ങൾക്ക് വിൽക്കുന്ന ഹാക്കർമാരുമുണ്ട്.

തട്ടിപ്പിൽ വീഴാതിരിക്കാൻ

അപരിചിത ലിങ്കുകൾ തുറക്കരുത്

പണം നഷ്ടമായാൽ ഉടൻ ക്രെഡിറ്റ്/ഡെബിറ്റ്

കാർഡ് ബ്ലോക്ക് ചെയ്യുക

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോ‌ഡ് ചെയ്യുക

 പിൻനമ്പർ ആരുമായും പങ്കുവയ്ക്കരുത്

ആവശ്യമില്ലെങ്കിൽ എ.ടി.എം കാർഡിലെ അന്താരാഷ്ട്ര

വിനിമയ സംവിധാനം ഓഫ് ചെയ്തിടുക

സൈബർ പൊലീസ് നമ്പർ

1930

''സാങ്കേതികവിദ്യ വളരുന്നതോടെ തട്ടിപ്പുകളുടെ രീതിയും മാറുന്നു. ഒ.ടി.പി ഇല്ലാതെയുള്ള തട്ടിപ്പുകളിലാണ് കൂടുതൽ ജാഗ്രത പുല‌ർത്തേണ്ടത്.

സൈബർ പൊലീസ്