ഇംപ്രൂവ്‌മെന്റ് പരീക്ഷ കെണിയായി... അടിതെറ്റി കായികമേളകൾ
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 16മുതൽ 20വരെ തൃശൂരിൽ നടക്കാനിരിക്കെ, പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജില്ലാ- സബ്‌ജില്ലാ കായികമേളകൾക്ക് കെണിയാകുന്നു. സെപ്തംബർ 25മുതൽ 29വരെ നടക്കേണ്ട ഇംപ്രൂവ്‌മെന്റ് പരീക്ഷ കോഴിക്കോട് നിപ വന്നതിനെത്തുടർന്ന് ഒക്ടോബർ 9 മുതൽ 13 വരെയാക്കിയതാണ് കായികമേളകളുടെ താളംതെറ്റിക്കുന്നത്.
സംസ്ഥാന കായികമേളയ്ക്ക് അനുസൃതമായി ഒക്ടോബർ 9മുതൽ 13വരെ ജില്ലാ കായികമേളകളും മൂന്നുമുതൽ ആറുവരെ സബ്‌ജില്ലാ കായികമേളകളുമാണ് സംസ്ഥാനതലത്തിൽ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് സംഘാടകസമിതികൾ, വേദികൾ എന്നിവയെല്ലാം നിശ്ചയിക്കുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സ്‌കൂൾ തലങ്ങളിലെ അത്‌ലറ്റിക് മത്സരങ്ങൾ നടന്നുവരുന്നതിനിടെയാണ് പരീക്ഷാതീയതി പ്രഖ്യാപനം വന്നത്. ഇതോടെ ചുരുക്കം ചില ജില്ലകളിലൊഴികെ കായികമേളകളുടെ നടത്തിപ്പ് വെല്ലുവിളിയാകും.
* വേദികിട്ടാതെ സബ്‌ജില്ലാ കായികമേളകൾ
സബ്‌ജില്ലാ കായികമേളകളുടെ തീയതി മാറ്റുമ്പോൾ ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് സബ്‌ജില്ലാ കായികമേളകളുടെ നടത്തിപ്പിനാണ്. പല ജില്ലകളിലും പ്രധാന ഗ്രൗണ്ടുകളെ ആശ്രയിച്ച് നാലും അഞ്ചും സബ്‌ജില്ലകളിലെ കായികമേളകളാണ് നടക്കുക. തീയതി മാറ്റുന്നതോടെ വേദികളും കിട്ടാതെയാകും. ഉദാഹരണമായി എറണാകുളത്ത് തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, വൈപ്പിൻ, എറണാകുളം, ആലുവ സബ്‌ജില്ലകൾ ആശ്രയിക്കുന്നത് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനെയാണ്.
സ്‌കൂൾ തലങ്ങളിലെ റെസ്‌ലിംഗ്, ഭാരോദ്വഹനം, ഹോക്കി, ബാസ്‌കറ്റ്ബാൾ, ഫുട്‌ബാൾ തുടങ്ങിയ ഇനങ്ങളുടെ മത്സരങ്ങൾ പുരോഗമിക്കുകയാണ്.
* പരീക്ഷാതീയതി മാറ്റണം
ദേശീയ കായികമേള നവംബർ ആദ്യവാരം നടക്കാനിരിക്കെ സബ് ജില്ലാ- ജില്ലാ- സംസ്ഥാന കായികമേളകൾ മാറ്റി വയ്ക്കാനാവില്ലെന്നും ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തീയതി മാറ്റുകയാണ് വഴിയെന്നുമാണ് ഒരുവിഭാഗം അദ്ധ്യാപകർ പറയുന്നത്.
പരീക്ഷ സംസ്ഥാന കായികമേളയ്ക്ക് ശേഷമാക്കുന്നതാണ് ഉചിതം. മറ്റ് ആശങ്കകൾ അതോടെ ഒഴിയും. സുബൈർ ടി.എം, സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രൈവറ്റ് സ്‌കൂൾ ഫിസിക്കൽ
എഡ്യുക്കേഷൻ ടീച്ചേഴ്‌സ് അസോ.