അയിത്തം പറയുന്നവരെ പിരിച്ചുവിടണം: സ്വാമി സച്ചിദാനന്ദ

Saturday 23 September 2023 12:50 AM IST

ശിവഗിരി: പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ അയിത്താചരണം നടത്തി രാജ്യത്തിന് അപമാനം വരുത്തിവച്ച വൈദികരെ സർക്കാർ പിരിച്ചുവിടണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആറു മാസത്തിനു മുമ്പ് മന്ത്റി രാധാകൃഷ്ണനുണ്ടായ തിക്താനുഭവം അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ കേരളസമൂഹം ഒന്നടങ്കം പ്രതിഷേധിക്കുമായിരുന്നു. വിവേകാനന്ദ സ്വാമി ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിനെ ചെറുത്ത് തോൽപിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ശിവഗിരിയിൽ മഹാസമാധി ദിനാചരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കാനഡയും ഇന്ത്യയും തമ്മിലുളള നയതന്ത്റബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടായിരിക്കുകയാണ്. പലതരത്തിലും ഇത് ആശങ്കാജനകമാണ്. ലക്ഷക്കണക്കിന് ഇന്ത്യാക്കാരായ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും കാനഡയിൽ കഴിഞ്ഞ് വരികയാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മിലിണ്ടായിട്ടുളള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അതിന് പ്രാപ്തമായ ഭരണകൂടമാണ് രാജ്യത്തുള്ളതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.