4 മാസമായി മെസ് അലവൻസില്ല പട്ടികജാതി വിദ്യാർത്ഥികൾക്ക്  പഞ്ചസാരയില്ലാത്ത ചായ

Saturday 23 September 2023 1:16 AM IST

കൊല്ലം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന് കീഴിലുള്ള ഏക എസ്.സി- എസ്.ടി നഴ്സിംഗ് സ്കൂളായ ആശ്രാമത്തെ നഴ്സിംഗ് സ്കൂൾ ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നൽകുന്നത് പഞ്ചസാരയില്ലാത്ത ചായ. പട്ടികജാതി വകുപ്പിൽ നിന്ന് ലഭിക്കാനുള്ള മെസ് അലവൻസ് കുടിശ്ശിക ഏഴു ലക്ഷം രൂപ കവിഞ്ഞതോടെ ഭക്ഷ്യ വസ്തുക്കൾക്കായി ബുദ്ധിമുട്ടുകയാണ് ഹോസ്റ്റൽ അധികൃതർ. അദ്ധ്യാപകർ സ്വന്തം കൈയിൽ നിന്ന് പണമുപയോഗിച്ചാണ് നിലവിൽ സാധനങ്ങൾ വാങ്ങുന്നത്.

സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും സാധനങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ, കുടിശ്ശിക പെരുകിയതോടെ സർക്കാർ സ്ഥാപനങ്ങളും കടം നൽകുന്നില്ല.

പെൺകുട്ടികൾക്ക് മാത്രമാണ് ഇവിടെ ഹോസ്റ്റൽ സൗകര്യമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 48 വിദ്യാർത്ഥിനികളാണ് ഇവിടെയുള്ളത്. ഇപ്പോഴുള്ള മൂന്നു ബാച്ചിലെ വിദ്യാർത്ഥിനികളുടെ നാലു മാസത്തെ മെസ് അലവൻസ് കുടിശ്ശികയാണുള്ളത്. കൊവിഡ് സമയത്തെ അദ്ധ്യയന നഷ്ടം കണക്കിലെടുത്ത് രണ്ടു ബാച്ചുകളുടെ ക്ലാസ് അഞ്ചു മാസത്തേക്ക് നീട്ടിയിരുന്നു. അപ്പോഴത്തെ 32 വിദ്യാർത്ഥിനികളുടെ മെസ് അലവൻസും കിട്ടാനുണ്ട്.

മാസാവസാനം ആകെ ചെലവ് കണക്കാക്കിയാണ് മെസ് അലവൻസിന് പട്ടികജാതി വകുപ്പിൽ അപേക്ഷ നൽകുന്നത്. 2700 രൂപയാണ് ഓരോ വിദ്യാർത്ഥിനിക്കും അനുവദിക്കുന്നത്. നിലവിലെ ബാച്ചിന്റെ നാലു മാസത്തെ അലവൻസ് അനുവദിച്ചതായി അധികൃതർ പറയുന്നുണ്ടെങ്കിലും ബാങ്കിൽ എത്തിയിട്ടില്ല.