പോക്കറ്റിൽ വച്ചതിന് ശേഷമാണ് അപകടം മനസിലായത്, പെട്ടെന്ന് തിരികെ നൽകി: സ്വീകരിക്കാത്ത സമ്മാനത്തെ കുറിച്ച് മന്ത്രി രാധാകൃഷ്‌ണൻ

Saturday 23 September 2023 2:15 PM IST

ക്ഷേത്രത്തിലെ ചടങ്ങിനിടെ പൂജാരി വിളക്ക് കൈമാറാതെ തറയിൽ വച്ചുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജാതി വിവേചനം അവസാനിച്ചിട്ടില്ല, 2023ലും ഇത്തരം നിരവധി സംഭവങ്ങളുടെ ഒരു പാഠപുസ്തകമാണ് ഇന്ത്യ എന്ന മുഖവരയോടെയായിരുന്നു തനിക്ക് നേരിടേണ്ടി വന്ന അനുഭവം മന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ ഒരു തരത്തിലുള്ള നടപടിക്കും താൻ ആഗ്രഹിക്കുന്നില്ലെന്നും, അത് സമൂഹത്തിൽ മറ്റുതരത്തിലുള്ള സാമൂഹിക വിള്ളലുകൾക്കായിരിക്കും കാരണമാവുകയെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഈ അനുഭവം കേരളത്തിൽ തുറന്ന ചർച്ചകൾക്ക് വഴിവച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുസമൂഹത്തിന്റെ വികാരമായാണ് ഇത്തരം സംഭവങ്ങൾ ഉയർന്നുവരേണ്ടത്. സ്വയം വിമർശനമാണ് സമൂഹം നടത്തേണ്ടതെന്നും കെ. രാധാകൃഷ്‌ണൻ വിശദമാക്കി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയ്യാൻ കഴിയാവുന്ന നന്മകൾ സമൂഹത്തിന് ചെയ്യുക എന്നതുമാത്രേയുള്ളൂ തന്റെ ഉദ്ദേശ്യം. ഒരു മനുഷ്യനേയും ദ്രോഹിക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒരനുഭവവും അദ്ദേഹം വെളിപ്പെടുത്തി.

''പണ്ടൊരിക്കൽ ഒരാൾ എന്റെയടുത്ത് വന്ന് ഒരു പേന സമ്മാനമായി നൽകി. പേന ഞാൻ എടുത്ത് പോക്കറ്റിൽ വച്ചു. അപ്പോഴാണ് അദ്ദേഹം എന്നോട് പറഞ്ഞത് ഇത് 15000 രൂപയുടെ പേനയാണെന്ന്. അയ്യോ ഇതൊന്നും എനിക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ, ഒളി ക്യാമറയുള്ള പേനയാണിതെന്നായി പുള്ളി. എന്നാൽ എനിക്ക് തീരെ വേണ്ടായെന്ന് പറഞ്ഞ് വേഗം എടുത്ത് കൊടുക്കുകയായിരുന്നു. ദ്രോഹിക്കുന്ന ആളുകളെ പോലും ഒളി ക്യാമറ വച്ച് കെണിയിൽ പെടുത്തണമെന്നുള്ള ആഗ്രഹമില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ‌്തത്''. - മന്ത്രിയുടെ വാക്കുകൾ.