പ്ളംബിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ആവശ്യം പ്രധാനാദ്ധ്യാപകൻ സമ്മതിച്ചു; യുവാവിന്റെ വാക്കുകൾ കേട്ടതോടെ നിറ കൈയടി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അസംബ്ളി. പ്രധാനാദ്ധ്യാപകൻ പി.കെ. ഭാർഗവന്റെ മുന്നിലേക്ക് സ്കൂളിൽ പ്ളംബിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളി തൊഴുകൈയോടെ എത്തി. കുട്ടികളോട് സംസാരിക്കാൻ അവസരം തരുമോ എന്നായിരുന്നു ഹിന്ദിയിലുള്ള അപേക്ഷ. പ്രധാനാദ്ധ്യാപകൻ സമ്മതിച്ചു.
മൈഥിലി ശരൺ ഗുപ്തയും, ജയശങ്കർ പ്രസാദും, മഹാദേവി വർമ്മയുടെ കാവ്യ ശകലങ്ങളും മറ്റും കടന്നുവന്ന ആ വാക്കുകളിൽ തുടർ പഠനം മുടങ്ങിപ്പോയ ഒരു വിദ്യാർത്ഥിയുടെ സങ്കടമായിരുന്നു. അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറഞ്ഞ കൈയടി. അദ്ധ്യാപകരായ സി.വി.ഉണ്ണികൃഷ്ണനും,എൻ.സുരേഷും അത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ അഭിനന്ദന പ്രവാഹം.
മാത്തിൽ സ്‌കൂളിൽ ഇലക്ട്രിക്കൽ, പ്ളംബിംഗ് ജോലികൾ ഏറ്റെടുത്ത കരാറുകാരൻ വിനോദ് എത്തിച്ച ഉത്തർ പ്രദേശിലെ രാംപൂർ സ്വദേശിയായ മനോജ് രജപുത് എന്ന 21 കാരനാണ് കഥാപാത്രം. പ്ളസ് ടു 75 ശതമാനം മാർക്കോടെ ജയിച്ചിട്ടും തുടർപഠനത്തിന് വഴി തെളിയാത്തതിന്റെ സങ്കടം മനോജ് അദ്ധ്യാപകരോട് പങ്കിട്ടു.
കുടുംബ പ്രാരാബ്ധങ്ങളെ അതിജീവിക്കാനാണ് കേരളത്തിലെത്തിയത്. കുറച്ചുകൂടി മെച്ചപ്പെട്ട ജോലിയാണ് ആഗ്രഹിച്ചത്. എത്തിയത് നിർമ്മാണമേഖലയിൽ. അച്ഛൻ അമൽ കൃഷിക്കാരനാണ്. അമ്മ ജനന്തിക്ക് തൊഴിലില്ല. സഹോദരൻ ഉമേഷ് പ്ലസ്ടുവിന് പഠിക്കുന്നു. ഏക വരുമാനം അച്ഛന്റെ കൃഷിപ്പണി. വീട്ടിൽ എരുമകളുണ്ട്. അയൽ വീടുകളിൽ പാല് കൊടുത്തതിനു ശേഷമായിരുന്നു മനോജിന്റെ സ്‌കൂളിൽ പോക്ക്.
മുടങ്ങിപ്പോയ പഠനം തുടരാൻ ആഗ്രഹിക്കുന്ന മനോജിന് ഇംഗ്ലീഷ് അദ്ധ്യാപകനാകാനാണ് ആഗ്രഹം. കേരളത്തിലെത്തിയിട്ട് ഒരു വർഷമായി. കേരളത്തിലെ പഠനാന്തരീക്ഷം വല്ലാതെ ആകർഷിച്ചു. തുടർന്നു പഠിക്കാൻ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.