കണ്ടെത്തിയത് ചോരയിൽ കുളിച്ച നിലയിൽ; കാട്ടാന ആക്രമണത്തിൽ മദ്ധ്യവയസ്കന് ദാരുണാന്ത്യം

Saturday 23 September 2023 8:14 PM IST

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കന് ജീവൻ നഷ്ടമായി. മലപ്പുറം പോത്തുകല്ലിനടുത്തുള്ള വനാതിർത്തിയിലാണ് സംഭവം. പശുവിനെ മേയ്ക്കാനായി പോയ ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടുതോട്ടത്തിൽ ജോസാണ് മരിച്ചത്. ജനവാസ മേഖലയോട് ചേർന്ന് തന്നെ വനാതിർത്തിയുള്ളതിനാൽ വന്യജീവി ആക്രമണം റിപ്പോർട്ട് ചെയ്യാറുള്ള പ്രദേശമാണിത്.

വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ജോസ് പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവുമായി തിരികെ മടങ്ങുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ പ്രദേശവാസിയാണ് കണ്ടെത്തിയത്. ചോരയിൽ കുളിച്ച് കിടന്ന ജോസിനെ ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതേസമയം അരിക്കൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ ദിവസം വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്കയുണർത്തിയിരുന്നു. തമിഴ്നാട് മേഖലയിലെ മാഞ്ചോലയിലെ എസ്റ്റേറ്റിൽ ആന എത്തിയിരുന്നു. രണ്ടായിരത്തോളം തൊഴിലാളികളുള്ള പ്രദേശമാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തുനിന്ന് 25കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഒറ്റരാത്രിയിൽ തന്നെ 10കിലോമീറ്റർ നടന്നുവെന്നാണ് വിവരം. ഇപ്പോൾ ആനയുള്ളത് കുതിരവട്ടിയിലാണ്. കേരളത്തിൽ വരാൻ സാദ്ധ്യതയില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.