അഭിമാന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം: സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി, നിരക്കുകൾ ഇങ്ങനെ

Sunday 24 September 2023 6:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് സർവീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് ചടങ്ങുകൾ. ഇതോടൊപ്പം രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലെ വന്ദേഭാരത് സർവീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.കാസർകോടു മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനുകളിലും പുതിയ വന്ദേഭാരതിന് സ്വീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം വന്ദേഭാരതിന്റെ മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ചയും കാസർകോട്ടുനിന്ന് ബുധനാഴ്ചയുമാണ് റെഗുലർ സർവീസുകൾ ആരംഭിക്കുക. എട്ടു കോച്ചുകളുമായാണ് കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുക. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാണ് സർവീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.ഈ ട്രെയിനിന്റെ തിരുവനന്തപുരം -കാസർകോട് സർവീസ് തിങ്കളാഴ്ചകളിൽ ഉണ്ടാകില്ല.

ട്രെയിൻ നമ്പർ 20631കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് രാവിലെ 7ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. എട്ടു മണിക്കൂറും അഞ്ച് മിനിട്ടുമാണ് യാത്രാസമയം.

ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് എക്സ്‌പ്രസ് തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് 11.58ന് കാസർകോട്ട് എത്തും. 7 മണിക്കൂർ 55 മിനിട്ടാണ് യാത്രാസമയം.

ഏപ്രിലിലാണ് സംസ്ഥാനത്ത് ആദ്യ വന്ദേഭാരത് സർവീസ് തുടങ്ങിയത്. ഇതോടെ രണ്ടുനിറങ്ങളിലുള്ള വന്ദേഭാരത് സർവീസുകളും സംസ്ഥാനത്തെത്തുന്നു എന്നതുപോലെ രാവിലെയും വൈകിട്ടും സംസ്ഥാനത്തിന്റെ തെക്കുവടക്ക് അറ്റങ്ങളിൽ നിന്ന് വന്ദേഭാരത് സർവീസുകൾ നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും 7ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും സർവീസുണ്ട്. അതുപോലെ വൈകിട്ട് 2.30ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും 4.05ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും സർവീസുണ്ട്. സംസ്ഥാനത്തെ യാത്രാപ്രശ്നത്തിന് വലിയ ആശ്വാസമാണിത്. ഒരു വന്ദേഭാരത് കോട്ടയം വഴിയെങ്കിൽ രണ്ടാംട്രെയിൻ ആലപ്പുഴ വഴിയുമാണ്.

ടിക്കറ്റ് നിരക്ക്

തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് ചെയർകാറിൽ 1515രൂപയും എക്സിക്യുട്ടീവിൽ 2800രൂപയുമാണ്. ആദ്യ വന്ദേഭാരതിൽ ഇത് യഥാക്രമം 1590രൂപയും 2880രൂപയുമാണ്. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പുതിയ വന്ദേഭാരതിൽ ചെയർകാറിൽ 1555രൂപയും എക്സിക്യൂട്ടീവിൽ 2835രൂപയുമാണ്. ആദ്യ വന്ദേഭാരതിൽ ഇത് യഥാക്രമം 1520രൂപയും 2815രൂപയുമാണ്. ഭക്ഷണനിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് നിരക്കുകളിലെ ചെറിയ വ്യത്യാസത്തിന് പ്രധാനകാരണം.

തിരുവനന്തപുരത്തുനിന്നുള്ള നിരക്കുകൾ

സ്റ്റേഷൻ, ചെയർകാർ,എക്സിക്യൂട്ടീവ് എന്നീ ക്രമത്തിൽ

കൊല്ലം- 485, 910

ആലപ്പുഴ-- 580,1105

എറണാകുളം 685,1320

തൃശ്ശൂർ 1025,1795

ഷൊർണ്ണൂർ 1085,1925

തിരൂർ 1150,2045

കോഴിക്കോട് 1210,2170

കണ്ണൂർ 1365,2475

കാസർകോട് 1515,2800